ശ്രീ പത്മനാഭ പാഹിമാം
ശ്രീ പത്മനാഭ രക്ഷമാം
കേരളത്തില്‍ നിന്നുള്ള തിരുവിതാംകൂർ കാഴ്ചകൾ
ഭാഗം 6 (അവസാന ഭാഗം)
1885-ല്‍ വിശാഖം തിരുനാളിന്‍റെ മരണത്തെതുടര്‍ന്നു ഭാഗിനേയനായ ശ്രീ മൂലം തിരുനാള്‍ ഭരണമേറ്റു. സേവകന്മാരായ ശരവണന്‍, ശങ്കരന്‍ തമ്പി എന്നിവര്‍ അദ്ദേഹത്തില്‍ ഏറെ സ്വാധീനം ചെലുത്തി. ഒമ്പത് പേരാണ് അദ്ദേഹത്തിന്‍റെ 39 വര്‍ഷത്തെ ഭരണ കാലത്ത് ദിവാന്മാരായി സേവനം അനുഷ്ഠിച്ചത്. ദിവാന്‍ മാധവ റാവുവിന്‍റെ കാലത്ത് ഏര്‍പ്പെടുത്തിയ വിപുലമായ ആധുനിക വിദ്യാഭ്യാസം നാട്ടുകാര്‍ക്കിടയില്‍ അറിവിനോടു കൂടി തന്നെ പൗരാവകാശ ബോധം വളരെയേറെ വളര്‍ത്തിയിരുന്നു. ഉയര്‍ന്ന ഉദ്യോഗങ്ങളില്‍ എല്ലാം തന്നെ പരദേശികളായ ബ്രാഹ്മണരെക്കൊണ്ടുനിറച്ചത് തിരുവനന്തപുരത്തു സ്ഥാപിതമായിരുന്ന മലയാളിസഭയുടെ എതിര്‍പ്പിനു കാരണമായി.
രാജ്യവ്യാപകമായി അതിന്‍റെ പ്രവര്‍ത്തകരുമായി നടത്തിയ പ്രചരണത്തിന്‍റെ ഫലമായി പതിനായിരത്തിലധികം പേര്‍ ഒപ്പിട്ട ഒരു ഭീമന്‍ ഹര്‍ജി 1891-ല്‍ സര്‍ക്കാരിനു സമര്‍പ്പിച്ചു. ഇത് മലയാളി മെമ്മോറിയല്‍ അഥവാ ട്രാവന്‍കൂര്‍ മെമ്മോറിയല്‍ എന്നറിയപ്പെട്ടു. മുഖ്യമായും നായന്മാര്‍ ഉള്‍പ്പെട്ട ഹര്‍ജിക്കാരില്‍ ഈഴവരും മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഉണ്ടായിരുന്നു. നാട്ടുകാരനായ ശങ്കരസുബ്ബയ്യര്‍ ദിവാനായി നിയമിക്കപ്പെട്ടു എന്നതൊഴിച്ചാല്‍ മെമ്മോറിയല്‍ കാര്യമായ ഫലം ചെയ്തില്ല. 1896-ല്‍ രാഷ്ട്രീയ സാമൂഹിക നീതിക്കുവേണ്ടി ഈഴവര്‍ രണ്ട് മെമ്മോറിയലുകള്‍ രൂപം കൊടുത്തു. ഇത് 'ഈഴവ മെമ്മോറിയല്‍' എന്നറിയപ്പെട്ടു. ഡോ.പല്പു ആയിരുന്നു ഇതിന്‍റെ മുന്നണിപ്പോരാളി.
1888-ല്‍ തിരുവിതാംകൂര്‍ ലജിസ്ളേറ്റിവ് കൌണ്സില്‍ സ്ഥാപിച്ചത്
പുരോഗമനപരമായ ഒരു കാലുവെയ്പായിരുന്നു. മൈസൂര്‍ കഴിഞ്ഞാല്‍ ഇന്ത്യന്‍ നാട്ടുരാജ്യങ്ങളില്‍ ഇത് ആദ്യത്തേതായിരുന്നു. അഞ്ച് ഔദ്യോഗികാംഗങ്ങളും മൂന്ന് നാമനിര്‍ദേശം ചെയ്യപ്പെട്ട അനൗദ്യോഗികാംഗങ്ങളും ഉള്ള കൌണ്‍സിലിന്‍റെ അധ്യക്ഷന്‍ ദിവാനായിരുന്നു. സഭ പാസ്സാക്കിയാലും മഹാരാജാവിന്‍റെ അംഗീകാരമുണ്ടെങ്കില്‍ മാത്രമേ നിയമമുണ്ടാക്കാനാകുമായിരുന്നുള്ളൂ. സഭയുടെ അംഗീകാരമില്ലാതെ രാജാവിന് വിളംബരം മൂലം നിയമ നിര്‍മാണം നടത്താമായിരുന്നു. കൌണ്‍സിലിനു കാര്യമായ അധികാരങ്ങള്‍ ഉണ്ടായിരുന്നില്ല. 1898-ല്‍ കൌണ്‍സിലിന്‍റെ പരിമിതമായ അധികാരം പോലും വെട്ടിക്കുറയ്ക്കപ്പെട്ടു. 1904-ല്‍ സഭയുടെ അംഗസംഖ്യ പത്താക്കി ഉയര്‍ത്തി; ആറ് ഉദ്യോഗസ്ഥന്മാരും നാല് അനുദ്യോഗസ്ഥന്മാരും. 1914-ല്‍ വീണ്ടും അംഗസംഖ്യ വര്‍ധിപ്പിച്ചു; എട്ട് ഉദ്യോഗസ്ഥന്മാരും ഏഴ് അനുദ്യോഗസ്ഥന്മാരും. ജനങ്ങള്ക്ക് പ്രാതിനിധ്യമുള്ള ശ്രീമൂലം പ്രജാസഭ 1904-ല്‍ സ്ഥാപിതമായി. ആണ്ടിലൊരിക്കല്‍ യോഗം കൂടി ജനാഭിലാഷം സര്‍ക്കാരിനെ അറിയിക്കാനും നിയമനിര്‍മാണം ശുപാര്‍ശ്ശ ചെയ്യാനും മാത്രം അധികാരമുള്ള പ്രജാസഭയില്‍ 85 അംഗങ്ങള്‍ ഉണ്ടായിരുന്നു. 1919-ല്‍ വീണ്ടും ലജിസ്ലേറ്റീവ് കൗണ്സിലിനെ 24 അംഗങ്ങളുള്ള നിയമനിര്മാ്ണ സഭയാക്കി; 13 ഉദ്യോഗസ്ഥന്മാരും 11 അനുദ്യോഗസ്ഥന്മാരും. അനുദ്യോഗസ്ഥന്മാരില്‍ എട്ടുപേരെ പ്രജാസഭ തെരഞ്ഞെടുക്കാന്‍ വ്യവസ്ഥ ചെയ്തിരുന്നു.
മലയാളി മെമ്മോറിയലിന് കാര്യമായ ഫലമുണ്ടായില്ലെങ്കിലും അതിന്റെ
K. Rama krishnan |
ഒടുവില്‍ ദിവാന്‍ രാജഗോപാലാചാരിക്ക് അപകീര്‍ത്തികരമായ ലേഖനം പ്രസിദ്ധീകരിച്ചതിന് പത്രം നിരോധിക്കപ്പെടുകയും 'സ്വദേശാഭിമാനി രാമകൃഷ്ണപിള്ള' 1911-ല്‍ നാടുകടത്തപ്പെടുകയും ചെയ്തു.
പൗരസമത്വവാദമായിരുന്നു മറ്റൊരു പ്രക്ഷോഭണത്തിനു കാരണം. സവര്‍ണ്ണേതരരായ ഹിന്ദുക്കളും ക്രിസ്ത്യന്‍, മുസ്ലീം സമുദായങ്ങളുമായിരുന്നു അതിനുപിന്നില്‍. ഈഴവര്‍ക്കും മറ്റു പിന്നോക്ക ജാതിക്കാര്‍ക്കും സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നല്‍കിയിരുന്നില്ല. ദേവസ്വം, റവന്യൂ വകുപ്പിന്‍റെ കീഴിലായിരുന്ന ക്ഷേത്രങ്ങളില്‍ ഈ സമുദായക്കാര്‍ക്കു പ്രവേശനമില്ലായിരുന്നു. ഇതിനെതിരായി ടി.കെ.മാധവന്‍, ഈ.ജെ. ജോണ്‍ മുതലായവരുടെ നേതൃത്വത്തിലുള്ള പൌരാവകാശ ലീഗ് സര്‍ക്കാരിനു നല്കികിയ മെമ്മോറാണ്ടത്തിന്‍റെ ഫലമായി 1922-ല്‍ റവന്യൂവകുപ്പില്‍ നിന്ന് ദേവസ്വം വേര്‍പെടുത്തി പ്രത്യേകം വകുപ്പ് ഉണ്ടാക്കി. അങ്ങനെ റവന്യൂ വകുപ്പില്‍ നിന്നു ഈ സമുദായങ്ങള്‍ക്കു സേവനമനുഷ്ഠിക്കാമെന്നായി.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്‍റെ ചുവടുപിടിച്ച് 1919-ല്‍ തിരുവിതാംകൂറിലും ഒരു കോണ്‍ഗ്രസ്സ് കമ്മിറ്റി രൂപംകൊണ്ടു. 1922-ല്‍ ദിവാന്‍ രാഘവയ്യ സ്കൂളുകളില്‍ ഫീസ് വര്‍ദ്ധിപ്പിച്ചതിനെതിരെ വിദ്യാര്‍ഥികള്‍ പ്രക്ഷോഭണത്തിലേക്കു നീങ്ങി. എന്നാല്‍ പ്രക്ഷോഭണം അടിച്ചമര്‍ത്തപ്പെട്ടു.
ശ്രീനാരായണ ഗുരുവിന്‍റെ നേതൃത്വത്തില്‍ നടന്ന സാമൂഹിക പരിഷ്ക്കരണ പ്രവര്‍ത്തനങ്ങള്‍ കേരള നവോത്ഥാനത്തിനു തന്നെ കാരണമായി. 1888-ല്‍ ഗുരു നടത്തിയ അരുവിപ്പുറം ശിവപ്രതിഷ്ഠയും അതേത്തുടര്‍ന്നുണ്ടായ ശ്രീനാരായണ ധര്‍മ്മ പരിപാലന (എസ്.എന്‍.ഡി.പി.) യോഗത്തിന്‍റെ സ്ഥാപനവും (1903) തിരുവിതാംകൂറില്‍ മാത്രമല്ല കൊച്ചിയിലും മലബാറിലും സാമൂഹികരംഗത്ത് ചലനങ്ങളുണ്ടാക്കി. എസ്.എന്‍.ഡി.പി. യോഗത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ നായര്‍ സര്‍വീസ് സൊസൈറ്റിയുടെ സ്ഥാപനത്തിനും പ്രചോദനമായി (1914). അയ്യങ്കാളിയുടെ സാധുജന പരിപാലന സംഘവും (1905) വക്കം മൗലവിയുടെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങളും ജനജീവിതത്തില്‍ പുത്തന്‍ ഉണര്‍വും പുതുജീവനും പരിവര്‍ത്തനങ്ങളുമുണ്ടാക്കി.
1924-ല്‍ ശ്രീമൂലം തിരുനാള്‍ മഹാരാജാവ് അന്തരിച്ചു. കിരീടാവകാശിയായ ശ്രീ ചിത്തിരതിരുനാളിന് (ഭ.കാ. 1931-49) പ്രായപൂര്‍ത്തിയാവാതിരുന്നതിനാല്‍ റാണി സേതുലക്ഷ്മീ ബായി റീജന്‍റായി ഭരണമേറ്റു.
1924-25-ലെ വൈക്കം സത്യഗ്രഹം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്‍റെ 1923-ലെ കാക്കിനാഡാ സമ്മേളനത്തിലെ അയിത്തോച്ചാടന പ്രമേയത്തെ ആസ്പദമാക്കിയായിരുന്നു. സ്റ്റേറ്റ് കോണ്‍ഗ്രസ്സ് നേതൃത്വം സംഘടിപ്പിച്ച സത്യഗ്രഹ സമരത്തില്‍ സവര്‍ണരും പങ്കെടുത്തിരുന്നു. വൈക്കം ക്ഷേത്രത്തിനു നാലുവശത്തുമുള്ള റോഡുകളില്‍ അയിത്ത ജാതിക്കാര്‍ക്കു പ്രവേശനമുണ്ടായിരുന്നില്ല. ഇതിനെതിരായിട്ടായിരുന്നു ടി.കെ. മാധവന്‍റെ നേതൃത്വത്തില്‍ നടന്ന സത്യഗ്രഹം. സമരം 20 മാസത്തോളം നീണ്ടു നിന്നു. ഒടുവില്‍ കിഴക്കേനട ഒഴികെയുള്ള മൂന്ന് ക്ഷേത്ര റോഡുകളും അയിത്ത ജാതിക്കാര്‍ക്കു തുറന്നു കൊടുത്തു. സത്യഗ്രഹ കാലത്ത് ഗാന്ധിജി വൈക്കം സന്ദര്‍സ്സിക്കുകയുണ്ടായി.
സാമൂഹികനീതിക്കു വേണ്ടി തിരുവിതാംകൂറില്‍ നടന്ന ശ്രദ്ധേയമായ ഒരു പ്രക്ഷോഭണമായിരുന്നു നിവര്‍ത്തന പ്രക്ഷോപം. ഈഴവര്‍ക്കു പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ഉദ്യോഗങ്ങളിലും പ്രവേശനം നല്കണമെന്നഭ്യര്ത്ഥിച്ചുകൊണ്ട് 13176 ഈഴവ സമുദായാംഗങ്ങള്‍ 1896-ല്‍ സര്‍ക്കാരിനു ഒരു മെമ്മോറാണ്ടം നല്കിയിരുന്നു. അതിന്മേല്‍ തൃപ്തികരമായ നടപടി ഉണ്ടാകാത്തതിനെത്തുടര്‍ന്നു , വൈസ്രോയ് കഴ്സണ്‍ പ്രഭു തിരുവനന്തപുരം സന്ദര്‍ശ്ശിപ്പോലാണു 'ഈഴവ മെമ്മോറിയല്‍' മെമ്മോറാണ്ടം സമര്‍പ്പിച്ചത്. പക്ഷേ ഇതൊന്നും ഫലപ്രദമായിരുന്നില്ല. 1932-ലെ ഭരണപരിഷ്ക്കാരത്തില്‍ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിലൂടെ നീതി പ്രതീക്ഷിച്ച ജനവിഭാഗങ്ങള്‍ പുതിയ പരിഷ്ക്കാരത്തിന്‍റെ വിശദ വിവരണങ്ങള്‍ അറിഞ്ഞതോടെ നിരാശരായി. തുടര്‍ന്നു ഈഴവര്‍, ക്രിസ്ത്യാനികള്‍, മുസ്ലീങ്ങള്‍ എന്നീ ജനവിഭാഗങ്ങള്‍ ചേര്‍ന്നു നിവര്‍ത്തന പ്രസ്ഥാനം ആരംഭിച്ചു. നിയമസഭയിലെ അംഗത്വം കരം തീരുവയുടെ അടിസ്ഥാനത്തിലായതിനാല്‍ നായര്‍, ബ്രാഹ്മണന്‍, ക്ഷത്രിയര്‍ എന്നിവര്‍ക്കു മാത്രമാണ് സ്ഥാനങ്ങള്‍ ലഭിച്ചത്. ആ സ്ഥിതി മാറ്റുവാനും സര്‍ക്കാരുദ്യോഗങ്ങളില്‍ ജനസംഖ്യാടിസ്ഥാനത്തില്‍ പ്രാതിനിധ്യം ലഭിക്കാനും വേണ്ടിയായിരുന്നു നിവര്‍ത്തന പ്രസ്ഥാനം തുടങ്ങിയത്.
സര്‍. സി.പി. രാമസ്വാമി അയ്യര്‍ ഇക്കാലത്ത് മഹാരാജാവിന്‍റെ ഭരണഘടനാ ഉപദേഷ്ടാവായി നിയമിക്കപ്പെട്ടു. 1932-ലെ പരിഷ്ക്കാരങ്ങള്‍ തങ്ങള്‍ക്കു സ്വീകാര്യമല്ലാതിരുന്നതിനാല്‍ ഈഴവ, ക്രിസ്ത്യന്‍, മുസ്ലീം സമുദായങ്ങള്‍ തിരഞ്ഞെടുപ്പ് ബഹിഷ്ക്കരിച്ചു. ഇവര്‍ സംയുക്ത രാഷ്ട്രീയ കോണ്ഗ്രസ്സ് എന്ന സംഘടന രൂപീകരിച്ച് പ്രക്ഷോഭണം നടത്തി. 1936-ല്‍ സര്ക്കാര്‍ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചു. അവര്‍ണര്‍ക്കു ക്ഷേത്രപ്രവേശനം വിളംബരം മൂലം അനുവദിച്ചത് ഇന്ത്യയില്‍ തന്നെ ഏറ്റവും പുരോഗമനപരമായ നടപടിയായി കരുതപ്പെട്ടു.
1938-ല്‍ തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്ഗ്രസ്സ് രൂപവത്ക്കരിച്ചു. സംയുക്തരാഷ്ട്രീയ സമിതി പിരിച്ചുവിടുകയും അത് സ്റ്റേറ്റ് കോണ്ഗ്രസ്സില്‍ ലയിക്കുകയും ചെയ്തു. എല്ലാ സമുദായങ്ങളും കോണ്ഗ്രസ്സില്‍ അണിനിരന്ന് ഉത്തരവാദ ഭരണത്തിനു വേണ്ടി പ്രക്ഷോഭണം ആരംഭിച്ചു.
ഉത്തരവാദ ഭരണ പ്രക്ഷോഭണത്തെ നേരിടാന്‍ ദിവാന്‍ സര്‍.സി.പി. തീരുമാനിച്ചു. കടയ്ക്കല്‍, കല്ലറ, പാങ്ങോട്, നെയ്യാറ്റിങ്കര, പേട്ട എന്നിവിടങ്ങളില്‍ സമരക്കാരെ നേരിടാന്‍ വെടിവെപ്പ് ഉള്‍പ്പെടെയുള്ള നടപടികള്‍ സര്‍ക്കാരിനു സ്വീകരിക്കേണ്ടി വന്നു. കോണ്‍ഗ്രസ്സിനകത്തു യൂത്ത്ലീഗ് എന്നൊരു പോരാളി വിഭാഗം ആ സമയം രൂപംകൊണ്ടു. ഇവരില്‍ പലരും പില്‍ക്കാലത്തു കമ്യൂണിസ്റ്റ് ആദര്‍ശ്ശങ്ങളില്‍ ആകൃഷ്ടരായി. ആലപ്പുഴ, ചേര്‍ത്തല ഭാഗത്തെ തൊഴിലാളി വര്‍ഗ്ഗം ആ കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ കീഴില്‍ സംഘടിച്ച് 1946 മുതല്‍ പണിമുടക്കുകളുടെ ഒരു പരമ്പരതന്നെ സൃഷ്ടിച്ചു. ഇതിന്‍റെ പരിണത ഫലമായിരുന്നു പുന്നപ്ര-വയലാര്‍ സമരം. സമരത്തെ തുടര്‍ന്നുണ്ടായ വെടിവെയ്പ്പില്‍ അനേകം പേര്‍ മരിച്ചു.
1946 ഡിസംബറില്‍ ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യര്‍ ഉദ്യോഗം
രാജിവച്ചു പോയെങ്കിലും ശ്രീ. ചിത്തിരതിരുനാള്‍ മഹാരാജാവിന്‍റെ നിര്‍ബന്ധ പ്രകാരം മടങ്ങിയെത്തി. അധികാരം കൈമാറുമ്പോള്‍ നാട്ടുരാജ്യങ്ങള്‍ക്കു വേണമെങ്കില്‍ സ്വതന്ത്യ്രമായി നില്ക്കാ മെന്നറിഞ്ഞുകൊണ്ട് 1947 ജൂണ്‍ 11-ാം തീയതി മഹാരാജാവ് സ്വതന്ത്ര്യ തിരുവിതാംകൂര്‍ പ്രഖ്യാപനം നടത്തി. വാര്‍ത്താ വിനിമയം, വിദേശകാര്യം, പ്രതിരോധം എന്നീ വിഷയങ്ങള്‍ ഇന്ത്യന്‍ യൂണിയനു വിട്ടുകൊടുക്കണമെന്ന് ഇന്ത്യാ സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും ദിവാന്‍ അതിനു വഴങ്ങിയില്ല. വാര്‍ത്താ വിനിമയം മാത്രം വിട്ടുകൊടുക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
1947 ജൂലായ് 25-ാം തീയതി സ്വാതിതിരുനാള്‍ സംഗീത അക്കാദമിയില്‍ ഒരു സംഗീതകച്ചേരി ആസ്വദിക്കുന്നതിനിടയില്‍ ദിവാന്‍ ആക്രമിക്കപ്പെടുകയും അതേത്തുടര്‍ന്നു അദ്ദേഹം ദിവാന്‍ പദവി രാജിവച്ചുപോവുകയും ചെയ്തു.
ജനങ്ങളുടെ ഹിതം മനസ്സിലാക്കിയ തമ്പുരാന്‍ ജൂലായ് 27-ാം തീയതി ഇന്ത്യന്‍ യൂണിയനുമായി സംയോജനത്തിനു തയ്യാറാണെന്ന് മഹാരാജാവ് ഡെല്‍ഹി യിലേയ്ക്ക് വിവരമറിയിച്ചു. 1947 സെപ്റ്റംബര്‍ 4-ാം തീയതി അദ്ദേഹം ഉത്തരവാദഭരണം പ്രഖ്യാപിച്ചു. പി.ജി.എന്‍. ഉണ്ണിത്താന്‍ താല്ക്കാലിക ദിവാനായി നിയമിതനായി.
Inauguration of the state of Travancore-Cochin. |
അങ്ങനെ പ്രായപൂര്‍ത്തി വോട്ടവകാശത്തിന്‍റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട നിയമസഭയും മന്ത്രിസഭയും നിലവില്‍ വന്നു. പട്ടം എ. താണുപിള്ളയുടെ നേതൃത്വത്തിലുളള ആദ്യ മന്ത്രിസഭ ആ ആ വര്ഷം (1948) ഒക്ടോബര്‍ 22-ാം തീയതി രാജിവയ്ക്കുകയും റ്റി.കെ.നാരായണപിള്ളയുടെ നേതൃത്വത്തില്‍ പത്തംഗ മന്ത്രിസഭ അധികാരമേല്‍ക്കുകയും ചെയ്തു.
1949ൽ ജൂലൈ 1-ന് ശ്രീ ചിത്തിര തിരുനാൾ തിരുവിതംകൂറിനെ ഇന്ത്യൻ യൂണിയനില്‍ ചേർത്തതിനു ശേഷം ജൂലായ് 1ന് തിരുവിതാംകൂർ-കൊച്ചി രാജ്യങ്ങളെ സംയോജിപ്പിച്ച് ഒരു പുതിയ സംസ്ഥാനം നിലവിൽ വന്നു. തുടർന്നു തിരുവിതാംകൂർ-കൊച്ചി സംസ്ഥാനത്തിലെ രാജപ്രമുഖൻ എന്ന പദവിയിൽ ശ്രീ ചിത്തിര തിരുനാൾ 7 വർഷം (1949-1956) സേവനമനുഷ്ടിച്ചു. പുതിയ സംസ്ഥാനത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്തും ഹൈക്കോടതി എറണാകുളത്തും ആയി തീരുമാനിക്കപ്പെട്ടു. സംസ്ഥാനത്തിലെ ആദ്യ ജനകീയമന്ത്രിസഭ റ്റി. .കെ.നാരായണപിള്ളയുടെ നേതൃത്വത്തിലായിരുന്നു. തുടർന്ന് പല മന്ത്രിസഭകളും രൂപം കൊള്ളുകയും അവസാനിക്കുകയും ചെയ്തു. പനമ്പിള്ളി ഗോവിന്ദമേനോന്‍റെ മന്ത്രിസഭ 1956-ൽ നിലംപതിച്ചതോടെ സംസ്ഥാനത്ത് ആദ്യമായി പ്രസിഡെന്‍റ് ഭരണം നടപ്പിലായി. അതോടെ ശ്രീ ചിത്തിര തിരുനാൾ രാജപ്രമുഖ സ്ഥാനമൊഴിഞ്ഞു. തിരു-കൊച്ചി സംസ്ഥാനത്തിന്റെ തലവനായിരുന്ന രാജപ്രമുഖൻ ശ്രീ ചിത്തിര തിരുനാളിന്റെ സ്ഥാനത്ത് ഗവർണർ വന്നു.
തിരുവിതാംകൂറിലെ തോവാളം, അഗസ്‌തീശ്വരം, കൽക്കുളം, വിളവങ്കോട് എന്നീ നാലു താലൂക്കുകളും ചെങ്കോട്ടത്താലൂക്കിന്‍റെ ഒരു ഭാഗവും വേർപെടുത്തി മദിരാശി സംസ്ഥാനത്തോടു ചേർത്തു. ശേഷിച്ച തിരുവിതാം കൂർ - കൊച്ചി സംസ്ഥാനത്തോടു മലബാർ ജില്ലയും തെക്കൻ കര്‍ണാടക ജില്ലയിലെ കാസർകോടു താലൂക്കും ചേർക്കപ്പെട്ടു. ഫലത്തിൽ കന്യാകുമാരി ജില്ല കേരളത്തിനു നഷ്‌ടപ്പെടുകയും ഗൂഡല്ലൂർ ഒഴികെയുള്ള മലബാർ പ്രദേശം കേരളത്തോടു ചേർക്കപ്പെടുകയും ചെയ്‌തു. കേരള സംസ്ഥാനത്തിന്റെ ആദ്യരൂപത്തിൽ മൊത്തം 5 ജില്ലകളാണുണ്ടായിരുന്നത് .
അങ്ങനെ തിരുവിതാംകൂറും കൊച്ചിയും മലബാറും ചേര്‍ന്നു നവംബര്‍ 1, 1956-ഇല്‍ മലയാള ഭാഷയുടെ അടിസ്ഥാനത്തില്‍ ഐക്യ കേരളം രൂപംകൊണ്ടു ആ കേരളത്തില്‍ നിന്നു നോക്കുമ്പോള്‍ ഇപ്പോഴുള്ള കേരളം എത്ര മാറി എന്നു അതിശയോക്തിയോടെ നോക്കി കാണാം....
കേരളത്തില്‍ നിന്നുള്ള തിരുവിതാംകൂർ കാഴ്ചകളിവിടെ അവസാനിക്കുന്നു.
എന്നോടൊപ്പം സഞ്ചരിച്ച എല്ലാപേര്‍ക്കും നന്ദി
ഈ എഴുത്തില്‍ എന്തേലും തെറ്റുകള്‍ ഉണ്ടെങ്കിലോ അറിവില്ലായ്മ ഉണ്ടെങ്കിലോ കമെന്റ്ത ചെയ്യുക
അക്ഷരത്തെറ്റുകള്‍ പൊറുക്കുക
© വിജയ് മോഹന്‍
ഭാഗം 5
ഭാഗം 4
ഭാഗം 3
ഭാഗം 2
ഭാഗം 1
നന്ദി : ശരണ്യ വിജയ്, അശ്വിന്‍ സുരേഷ്, അജിത് കുമാര്‍:ചരിത്ര പെരുമ;
കടപ്പാട് : എല്ലാ ചരിത്ര ഗവേഷകര്‍ക്കും; തെറ്റുകള്‍ ചൂണ്ടി കാട്ടിയ പ്രിയ സുഹൃത്തുക്കള്‍ക്കും;
Ref Books: അനന്തപുരി നൂറ്റാണ്ടുകളിലൂടെ (കെ. ശിവശങ്കരന്‍ നായര്‍), KM പണിക്കര്‍ ഹിസ്റ്ററി ഓഫ് കേരള, വികീപീഡിയാ
Pic Courtesy: വികീപീഡിയാ; ഗൂഗിള്‍ ഇമേജസ്; Indian Express ; Article 01.11.2017
0 Comments