തിരുവിതാംകൂര്‍ മുതല്‍ കേരളം വരെ - III

ശ്രീ പത്മനാഭ പാഹിമാം
ശ്രീ പത്മനാഭ രക്ഷമാം

കേരളത്തില്‍ നിന്നുള്ള തിരുവിതാംകൂർ കാഴ്ചകൾ

ഭാഗം 3




മാര്‍ത്താണ്ഡ വര്‍മ്മയുടെ പിന്‍ഗാമിയായി വന്ന കാര്‍ത്തിക തിരുനാള്‍ രാമവര്‍മ (ധര്‍മ്മ രാജ ),  മാര്‍ത്താണ്ഡവര്‍മയുടെ ശ്രമങ്ങള്‍ എല്ലാം തന്നെയും നിലനിര്‍ത്തി കൊണ്ടുപോയി. മുന്‍ഗാമിയുടെ ധിഷണാവൈഭവവും കര്‍മകുശലതയും ഇല്ലായിരുന്നെങ്കില്‍ കൂടെയും അദ്ദേഹത്തിന് വടക്കന്‍ സ്വരൂപങ്ങളിലെ വിമതന്മാരായ മാടമ്പിമാരെ ഒരുവിധം സമാധാനിപ്പിക്കാന്‍ കഴിയുകയുണ്ടായി

അതിനുശേഷം 1761 എഡിയില്‍ തിരുവിതാംകൂറും കൊച്ചിയുമായി ഡച്ചുകാരുടെ സാന്നിധ്യത്തില്‍ ചേര്‍ത്തല വച്ച് 1757-ലെ കരാറിന് പുതുജീവന്‍ നല്കി. സാമൂതിരിയെ ഓടിച്ചുകളയുന്നതിനു പ്രതിഫലമായി ആലങ്ങാടും പറവൂരും തിരുവിതാംകൂറിന് വിട്ടുകൊടുക്കാമെന്നും കരപ്പുറം ഉള്‍പ്പടെയുള്ളവ തിരുവിതാംകൂര്‍ കൈയടക്കിയ പ്രദേശങ്ങളെപ്പറ്റി അവകാശം ഉന്നയിക്കാന്‍ പാടുള്ളതല്ല എന്നും പുതുക്കിയ കരാറില്‍ എഴുതിച്ചേര്ത്തു. തുടര്‍ന്നു  ദളവാ അയ്യപ്പന്‍ മാര്‍ത്താണ്ഡപ്പിള്ളയുടേയും വലിയ കപ്പിത്താന്‍ ഡി ലനോയിയുടെയും നേതൃത്വത്തില്‍ രണ്ട് വഴിയായി തിരുവിതാംകൂര്‍ സൈന്യം പുറപ്പെട്ട് സാമൂതിരിയെ കൊച്ചി രാജ്യത്തു നിന്ന് നിഷ്കാസനം ചെയ്തു. തിരുവിതാംകൂറിന്റെ യുദ്ധച്ചെലവു മുഴുവന്‍ സാമൂതിരി തവണകളായി നല്കി ക്കൊള്ളാമെന്ന ഉടമ്പടി കരാറെഴുതി വാങ്ങുകയും ചെയ്തു.തിരുവിതാംകൂറിന്റെ കിഴക്കനതിര്‍ത്തിയില്‍  മാര്‍ത്താണ്ഡ വര്‍മ്മയുടെ നയം തന്നെ രാമവര്‍മ്മയും തുടര്‍ന്നു പോന്നു.

1740-ല്‍ തിരുവിതാംകൂര്‍ ആക്രമിച്ച ചന്ദാസാഹിബ് അടുത്തവര്‍ഷം തന്നെ മഹാരാഷ്ട്രരുടെ തടവുകാരനായി. മോചനദ്രവ്യം ആവശ്യപ്പെട്ടാണ് ചന്ദാസാഹിബിനെ തടവുകാരനാക്കിയത്. അതിനെ തുടര്‍ന്നു ചന്ദാസാഹിബ് മധുരയില്‍ ഗവര്ണനറായി നിയമിച്ചിരുന്ന മൂഡേമിയ, മാര്‍ത്താണ്ഡ വര്‍മ്മയില്‍ നിന്നു കുറെ പണം കളക്കാടു സ്വരൂപം തിരുവിതാംകൂറിനു വിട്ടുനല്കി കൊണ്ട് വാങ്ങിയിരുന്നു . മോചനദ്രവ്യം നല്കി സ്വതന്ത്രനായ ചന്ദാസാഹിബില്‍ നിന്നും ഇംഗ്ലീഷുകാരുടെ സഹായത്തോടെ കര്‍ണാടക നവാബ് മുഹമ്മദലി മധുര കൈവശപ്പെടുത്തി. അതെത്തുടര്‍ന്നു തിരുവിതാംകൂര്‍ സൈന്യം കളക്കാട്ടു നിന്ന് തുടച്ചു നീക്കപ്പെട്ടു ചെയ്യപ്പെട്ടു.

മുഹമ്മദലിയും ഇംഗ്ളീഷുകാരും ഒരുവശത്തും മൈസൂറും ഫ്രഞ്ചുകാരും മറുവശത്തുമായി മധുരയ്ക്കുവേണ്ടി പലയുദ്ധങ്ങളും നടന്നു. മൈസൂര്‍ പടയെ നയിച്ചത് അന്ന് ഫൗജ്ദാര്‍ ആയിരുന്ന ഹൈദരാലി ഖാന്‍ ആയിരുന്നു. ഇംഗ്ലീഷുകാരോടൊപ്പംനിന്ന് പല യുദ്ധങ്ങളിലും ഏര്‍പ്പെട്ടിട്ടുണ്ടെങ്കിലും ആളും അര്ഥവും നഷ്ടപ്പെടുത്തിയെങ്കിലും ഇംഗ്ലീഷ് സൈന്യം ഒടുവില്‍ കളക്കാട്ടുനിന്നു തിരുവിതാംകൂര്‍ സൈന്യത്തെ പരാജയപ്പെടുത്തി. മാത്രമല്ല ഇംഗ്ലീഷുകാരുടെ മധ്യസ്ഥതയില്‍ കര്‍ണാടക നവാബുമായുണ്ടാക്കിയ ഉടമ്പടിയില്‍ കളക്കാട് ഉപേക്ഷിക്കേണ്ടിവരികയും നവാബിന് നഷ്ടപരിഹാരം നല്കേണ്ടിവരികയും, ആണ്ടുതോറും കപ്പം കൊടുത്ത് നവാബിന്റെ കീഴില്‍ ജമീന്ദാറായിരുന്നുകൊളളാമെന്ന് സമ്മതിക്കേണ്ടി വരികയും രാമ വര്‍മ്മയ്ക്കു ചെയ്യേണ്ടി വന്നു (1765).

ഇംഗ്ലീഷുകാരോട് ഒരുതരം വിധേയത്വമാണ് രാമവര്‍മ്മ പൊതുവായി പുലര്‍ത്തിയിരുന്നത്. കോലത്തിരി കുടുംബത്തിലെ കലഹങ്ങളില്‍ നിന്നു ഒളിച്ചോടി തലശ്ശേരിയിലെ ഇംഗ്ളീഷുകാരെ അഭയം പ്രാപിച്ച മാതുലനേയും മാതാവിനേയും തിരുവിതാംകൂറിലേയ്ക്കു ദത്തെടുപ്പിച്ചത് ഇംഗ്ലീഷുകാരാണ്. 1740-ല്‍ മാതാവിനൊപ്പം ആറ്റിങ്ങല്‍ കോട്ടയില്‍ കഴിയവേ ഡച്ചുകാരുടേയും കായംകുളത്തിന്റേയും സംയുക്തസേനയുടെ പിടിയിലകപ്പെടാതെ രക്ഷപ്പെട്ടത് ഇംഗ്ളീഷ് ഭടന്മാരുടെ സമയോചിതമായ സഹായം ഒന്നുകൊണ്ടുമാത്രമായിരുന്നു. അന്ന് 16 വയസ്സു മാത്രം പ്രായമുള്ള രാമവര്‍മ്മ ജീവിതാവസാനം വരെ ഈ കാര്യം കൊണ്ട് ഇഗ്ലീഷുകാരുടെ വിശ്വസ്തനായിരുന്നു.

എങ്കിലും എപ്പോഴും ചതിയായിരുന്നു പ്രതിഫലമായി തിരുവിതാംകൂറിനു ലഭിച്ചത്. അതില്‍ അദ്യത്തേതായിരുന്നു നവാബുമായുള്ള ഉടമ്പടി. നവാബിനാവശ്യമുള്ളപ്പോള്‍ സൈന്യത്തെ അയച്ചുകൊടുത്തുകൊള്ളാമെന്നും ഉടമ്പടിയില്‍ വ്യവസ്ഥയുണ്ടായിരുന്നു. ഈ ഉടമ്പടിയുണ്ടാക്കുമ്പോള്‍ നവാബിന്റെ ശത്രുവായ മൈസൂറിലെ ഹൈദരാലിഖാന്‍ കേരളത്തിനുനേരെ ഭീഷണി ഉയര്ത്തുന്നുണ്ടായിരുന്നു. ഉടന്‍ തന്നെ കൊടുങ്ങല്ലൂര്‍ കായല്‍ മുതല്‍ കിഴക്ക് ചെറുപുത്തുമലവരെ 32 നാഴിക നീളത്തില്‍ കൊച്ചീരാജ്യത്തെ രണ്ടായി വിഭജിച്ചുകൊണ്ട് നെടുംകോട്ടകെട്ടി ഹൈദരെ പ്രതിരോധിക്കാന്‍ തിരുവിതാംകൂര്‍ ഒരുങ്ങി.

മലബാര്‍ കീഴടക്കിയ ഹൈദര്‍ 1776-ല്‍ കൊച്ചിയും കീഴടക്കി. 1769-ല്‍
ഇംഗ്ളീഷുകാരും ഹൈദരുമായി ഉണ്ടാക്കിയിരുന്ന ഉടമ്പടിയില്‍ തിരുവിതാംകൂറിനെ ഇംഗ്ളീഷുകാരുടെ മിത്രം എന്നു പറഞ്ഞിരുന്നതിനാല്‍ തിരുവിതാംകൂറിനു നേരെ ആക്രമണമുണ്ടായില്ല. ടിപ്പു സുല്‍ത്താനും ഇംഗ്ലീഷുകാരുമായുണ്ടാക്കിയ മംഗലാപുരം ഉടമ്പടിയിലും തിരുവിതാംകൂറിനെ ഇംഗ്ലീഷുകാരുടെ മിത്രമായി പറഞ്ഞിരുന്നു. എങ്കിലും തിരുവിതാംകൂറിന്റെ ഭാഗത്തു നിന്നുണ്ടായ ചില കാര്യങ്ങള്‍ സുല്‍ത്താനെ പ്രകോപിപ്പിച്ചു. മൈസൂറിന്റെ പീഡനത്തെത്തുടര്ന്ന് മലബാറിലെ നാടുവാഴികളും പ്രഭുക്കന്മാരും സമ്പത്തുമായി തിരുവിതാംകൂറിനെ അഭയം പ്രാപിച്ചതും അവര്‍ തിരുവിതാംകൂറിലിരുന്നുകൊണ്ടുതന്നെ മൈസൂറിനെതിരെ കലാപങ്ങള്‍ പ്രോത്സാഹിപ്പിച്ചതുമായിരുന്നു അവയിലൊന്ന്.

തിരുവിതാംകൂറുമായി സൗഹൃദക്കരാറുണ്ടാക്കാനുള്ള സുല്‍ത്താന്‍റെ ആഗ്രഹം താന്‍ കര്‍ണാടക നവാബിന്റെ സാമന്തനാണെന്നു പറഞ്ഞ് തിരുവിതാംകൂര്‍ രാജാവ് നിരസിച്ചു. മൈസൂറിന്റെ സാമന്ത രാജ്യമായ കൊച്ചിക്കു കുറുകെ തിരുവിതാംകൂര്‍ നിര്‍മിച്ച നെടുംകോട്ട പൊളിച്ചു കളയണമെന്ന ആവശ്യവും തിരുവിതാംകൂര്‍ നിരസിച്ചു. ഇതിനെല്ലാം ഉപരിയായി കൊച്ചി രാജ്യത്തുള്ള കൊടുങ്ങല്ലൂര്‍, അഴീക്കല്‍ കോട്ടകള്‍ ഡച്ചുകാരില്‍ നിന്ന് തിരുവിതാംകൂര്‍ വിലയ്ക്കു വാങ്ങിയത് അനാവശ്യമായി സുല്‍ത്താനെ പ്രകോപിപ്പിക്കുമെന്ന് മദ്രാസിലെ ഇംഗ്ളീഷ് ഗവര്ണ ര്‍ പറഞ്ഞുവെങ്കിലും തിരുവിതാംകൂര്‍ കൂട്ടാക്കിയില്ല. 1790 മാര്‍ച്ച് - ഏപ്രില് മാസങ്ങളില്‍ സുല്‍ത്താന്റെ നേതൃത്വത്തില്‍ സൈന്യം നെടുങ്കോട്ടയും കൊടുങ്ങല്ലൂര്‍ കോട്ടയും തകര്ത്തു . പെരിയാര്‍ കടന്ന് കൊച്ചി രാജാവിനെ പിടികൂടാനായി സുല്‍ത്താനും സൈന്യവും വരാപ്പുഴ എത്തിയപ്പോഴേക്കും (മേയ് 24) ബ്രിട്ടിഷ് ഗവര്ണതര്‍ ജനറല്‍ മൈസൂറിനെതിരെ യുദ്ധം പ്രഖ്യാപിച്ച് ശ്രീരംഗപട്ടണത്തിനു നേരെ നീങ്ങുന്നതായി അറിഞ്ഞ്
പിന്‍വാങ്ങി. പിന്നീട് തിരുവിതാംകൂര്‍ സൈന്യത്തെ ഉപയോഗിച്ച് മലബാറില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും മൈസൂര്‍ പട്ടാളത്തെ ഇംഗ്ലീഷുകാര്‍ തുരത്തി. അങ്ങനെ മൈസൂര്‍ രാജ്യത്തിന്റെ മൂന്നില്‍ രണ്ടുഭാഗം 1792-ലെ ശ്രീരംഗപട്ടണം ഉടമ്പടി പ്രകാരം ഇംഗ്ലീഷുകാരും മഹാരാഷ്ട്രക്കാരും നൈസാമും ചേര്ന്നു പങ്കിട്ടെടുത്തു. അതിനു പുറമെ മൂന്നു കോടി രൂപ നഷ്ടപരിഹാരമായി വാങ്ങി. യുദ്ധച്ചെലവിനു 14 ലക്ഷം രൂപ തിരുവിതാംകൂറില്‍ നിന്നും വാങ്ങിയിരുന്നു. അതുപോരാഞ്ഞു മൈസൂര്‍ യുദ്ധത്തിന് ഇംഗ്ലീഷുകാര്ക്കു വേണ്ടിവന്ന ചെലവു മുഴുവന്‍ തിരുവിതാംകൂര്‍ വഹിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. അവസാനം വാര്‍ഷിക കപ്പം നാല് ലക്ഷം രൂപ നല്കാമെന്ന വ്യവസ്ഥയില്‍ 1795-ല്‍ രാമവര്മ് മഹാരാജാവ് ഇംഗ്ലീഷുകാരുമായി ഉടമ്പടി ഉണ്ടാക്കി

നന്ദി
ഈ എഴുത്തില്‍ എന്തേലും തെറ്റുകള്‍ ഉണ്ടെങ്കിലോ അറിവില്ലായ്മ ഉണ്ടെങ്കിലോ കമെന്റ്ത ചെയ്യുക
അക്ഷരത്തെറ്റുകള്‍ പൊറുക്കുക
© വിജയ് മോഹന്‍

Ref Books: നാഗം അയ്യ - ട്രാവന്കൂലര്‍ മാനുവല്‍ V1, അനന്തപുരി നൂറ്റാണ്ടുകളിലൂടെ (കെ. ശിവശങ്കരന്‍ നായര്‍), KM പണിക്കര്‍ ഹിസ്റ്ററി ഓഫ് കേരള വികീപീഡിയാ; Tippoo Sahib at the lines of Travancore. Illustration from Cassell's Illustrated History of India by James Grant (c 1896), TRAVANCORE AND THE CARNATIC IN THE XVIII CENTURY: A. P. Ibrahim Kunju  
Pic Courtesy: വികീപീഡിയാ; ഗൂഗിള്‍ ഇമേജസ്,

Post a Comment

0 Comments