ശ്രീ പത്മനാഭ പാഹിമാം
ശ്രീ പത്മനാഭ രക്ഷമാം
കേരളത്തില്‍ നിന്നുള്ള തിരുവിതാംകൂർ കാഴ്ചകൾ
ഭാഗം 4
1798-ല്‍ രാമവര്‍മ്മ മഹാരാജാവിന്‍റെ കാലശേഷം തിരുവിതാംകൂറിന്‍റെ സാമ്പത്തികസ്ഥിതി അതിദയനീയമായിരുന്നു. ബ്രാഹ്മണര്‍ക്ക് വേണ്ടി അവരുടെ ഉപദേശപ്രകാരം നാടുഭരിച്ചയാള്‍ എന്നാണ് 1816-ല്‍ ബ്രിട്ടിഷ് സര്‍വേയന്‍മാരായ വാര്‍ഡും കോണറും മാര്‍ത്താണ്ഡവര്‍മയെപ്പറ്റി രേഖപ്പെടുത്തിയത്.
ആറ് വര്‍ഷത്തിലൊരിക്കലേര്‍പ്പെടുത്തിയ മുറജപവും പതിനാറു തരത്തിലുള്ള ദാനങ്ങളും ഉത്സവങ്ങളും ക്ഷേത്രങ്ങളിലെ ഊട്ടുപുരകളുമെല്ലാം ധന സ്ഥിതിയെ സാരമായി ബാധിക്കുന്നവയായിരുന്നു. അയല്‍ രാജ്യങ്ങളിലൂടെ മാര്‍ത്താണ്ഡവര്‍മ്മ ഈടാക്കിയ ധനം മുഴുവന്‍ ഇങ്ങനെ വിനിയോഗിച്ചു. സാമൂതിരിക്കെതിരായും കളക്കാടിനുവേണ്ടിയും നടത്തിയ യുദ്ധങ്ങളാകട്ടെ നഷ്ടത്തിലായിരുന്നു കലാശിച്ചത്. കനത്ത നികുതികളായിരുന്നു ജനങ്ങളുടെമേല്‍ അടിച്ചേല്പിച്ചത്.
താലൂക്കുകള്‍ തോറും കോട്ടകള്‍ കെട്ടി അവിടെയെല്ലാം താമസിപ്പിച്ച തിരുവിതാംകൂര്‍ സൈന്യത്തില്‍ 50,000 സ്ഥിരം ഭടന്മാരും അതു കൂടാതെ ഒരു ലക്ഷം വരുന്ന കരുതല്‍ സൈന്യവും ഉണ്ടായിരുന്നു. ജനങ്ങളെ അടിച്ചമര്‍ത്താനും നികുതികള്‍ പിരിച്ചെടുക്കാനും മാത്രമേ ഈ സൈന്യത്തിന് കഴിഞ്ഞുള്ളൂ. തിരുവിതാംകൂറിന്‍റെ അതിര്‍ത്തികള്‍ സംരക്ഷിക്കാന്‍ ഈ സൈന്യത്തിന് കഴിവില്ലാതിരുന്നതു കൊണ്ട് സംരക്ഷണം വിദേശ ശക്തിയെ ഏല്‍പ്പിക്കേണ്ടി വന്നു. മൈസൂര്‍ യുദ്ധം കഴിഞ്ഞ ഉടനെ ചിലവുകള്‍ എല്ലാം വകയിരുത്തി പലവിധ യുദ്ധ നികുതികള്‍ ജനങ്ങള്‍ക്കുമേല്‍ ചുമത്തി. അവ ഈടാക്കാന്‍ കടുത്ത ബലപ്രയോഗം വേണ്ടിവരുമെന്നതിനാല്‍ ഹൃദയാലുവായ രാജാവിനു അതിനു കഴിഞ്ഞിരുന്നില്ല. അതുപോലെ തന്നെ ഉദ്യോഗസ്ഥ തലത്തില്‍ അഴിമതി വ്യാപകമായി. ബോംബേ, പുറക്കാട്ട്, തിരുനെല്‍വേലി, മദ്രാസ് എന്നിവിടങ്ങളിലെ വ്യാപാരികളില്‍ നിന്നു ബ്രിട്ടിഷ് ഉദ്യോഗസ്ഥന്മാരുടെ ജാമ്യത്തില്‍ വമ്പിച്ച തുകകള്‍ കൊള്ളപ്പലിശയ്ക്കു കടമെടുത്ത് ചെലവുകള്‍ നിര്‍വഹിച്ചു. 1789 മുതല്‍ ദിവാനായിരുന്ന, ഈസ്റ്റിന്ത്യാ കമ്പനിയുടെ വിശ്വസ്തനായിരുന്ന, രാജാകേശവദാസാണ് ഈ ദുസ്ഥിതികള്‍ക്കെല്ലാം കാരണക്കാരന്‍ എന്ന് കാര്‍ത്തിക തിരുനാളിനു ശേഷം വന്ന 16 വയസ്സുകാരന്‍ അവിട്ടം തിരുനാള്‍ ബാലരാമവര്‍മ്മയെ അദ്ദേഹത്തിന്റെ ഉപദേഷ്ടാക്കള്‍ ധരിപ്പിച്ചു.
1799-ല്‍ ഭക്ഷണത്തില്‍ വിഷം ഉള്ളില്‍ ചെന്നു രാജാ കേശവദാസ് മരണമടഞ്ഞു.
(തിരുവിതാംകൂറിലെ ദിവാനായിരുന്നു രാജാ കേശവദാസ് (1745-1799). തിരിവിതാംകൂറിലെ മഹാരാജാക്കന്മാരായിരുന്ന കാർത്തിക തിരുനാൾ രാമ വർമ്മയുടെയും അവിട്ടം തിരുനാൾ ബാലരാമ വർമ്മയുടേയും ഭരണകാലത്ത് ഇദ്ദേഹം ദിവാനായിരുന്നു. സി.വി. രാമൻപിള്ളയുടെ രണ്ടു ചരിത്രാഖ്യായികകളായ, ധർമ്മരാജാ, രാമരാജാബഹദൂർ എന്നിവ രാജാകേശവദാസനെ കേന്ദ്രകഥാപാത്രമാക്കിയുള്ളതാണ്.)
യാതൊരു ഭരണപരിചയവുമില്ലാത്ത, മലബാറില്‍ നിന്നു വന്നു തിരുവനന്തപുരത്തു കുടിയേറിയ ജയന്തൻ നമ്പൂതിരിയെ മഹാ രാജാവു സർവ്വാധികാര്യക്കാരനായി നിയമിച്ചു. ദിവാനെ തിരഞ്ഞെടുക്കുന്നതിനായി ഇംഗ്ലീഷുകാരുടെ സഹായം തേടണമെന്ന വെല്ലസ്ലി പ്രഭുവിന്റെ നിർദ്ദേശം ഉണ്ടായിരുന്നതിനാൽ ദിവാൻ സ്ഥാനത്തേക്ക് ജയന്തനെ നിയമിച്ചില്ല. എങ്കിലും ദളവയുടെ സകല അധികാരങ്ങളും അദ്ദേഹത്തിനു നൽകി. , ആ ദിവാന്‍റെ രണ്ടനുജന്മാര്‍ മാത്തുത്തരകന്‍, ശങ്കരനാരായണന്‍ ചെട്ടി എന്നിവരാകട്ടെ രണ്ട് കരാറുകാരും, അതുപോലെ ഏതാനും ഉയര്‍ന്ന ഉദ്യോഗസ്ഥന്മാരും, ദിവാനും അയാളുടെ അനുജന്‍മാരും ചേര്‍ന്നു സാമ്പത്തിക സമാഹരണത്തിനുവേണ്ട ശ്രമങ്ങള്‍ തുടങ്ങി. ഉദ്യോഗസ്ഥന്മാര്‍ക്കും ജന്മിമാര്‍ക്കും കച്ചവടക്കാര്‍ക്കും എല്ലാം ഇത്രയിത്രയെന്നു നികുതി തുകകള്‍ എന്നു ഈ മൂന്നു കൂട്ടരും ചേര്‍ന്നു നിശ്ചയിച്ചു. നികുതി അടയ്ക്കാത്തവര്‍ക്കുള്ള ശിക്ഷാ നടപടികള്‍ വളരെ രൂക്ഷമായിരുന്നു.
ഇത് കലാപത്തിനിടയാക്കി. ഇതിനു നേതൃത്വം നല്കിയത് വേലുത്തമ്പിയാണു എന്നാണ് പറയപ്പെടുന്നത്. വേലുതമ്പി അന്ന് തല്‍ക്കുളം കാര്യക്കാരന്‍ എന്ന താണ പദവിയില്‍ ജോലി ചെയ്യുകയ്യായിരുന്നു അങ്ങനെ നാടിന്‍റെ നാനാഭാഗത്തു നിന്നും ജനപ്രതിനിധികള്‍ തിരുവനന്തപുരത്ത് ലഹളയ്ക്കായി കൂട്ടം കൂടി. ബ്രിട്ടിഷ് റസിഡെന്‍റ് മേജര്‍ ബാനര്‍മാന്‍റെ ഉപദേശ പ്രകാരം നാട്ടുകാരൂടെ ആവശ്യങ്ങളെല്ലാം തന്നെ മഹാരാജാവ് അംഗീകരിച്ചു.
അങ്ങനെ ദിവാനും സഹായികളും ശിക്ഷിക്കപ്പെട്ടു. അങ്ങനെ അവരുടെ ഭരണം 25 ദിവസത്തേക്കു മാത്രം ഒതുങ്ങി. ഇംഗ്ലീഷുകാര്ക്ക് ഭരണത്തില്‍ കൂടുതല്‍ പിടിമുറുക്കാന്‍ ഈ ലഹള അവസരമൊരുക്കി. കര്‍ക്കശ സ്വഭാവക്കാരനായ കേണല്‍ മക്കാളെ ബാനര്‍മാനു ശേഷം റസിഡണ്ടായി നിയമിക്കപ്പെട്ടു. ലഹള സമയത്തു ഇംഗ്ലീഷുകാരോട് സൗഹൃദം തെളിയിച്ച കലാപനായകന്‍ വേലുത്തമ്പി രണ്ട് വര്‍ഷത്തിനുശേഷം ദിവാനായി നിയമിക്കപ്പെട്ടു.
ദിവാന്‍ രാജാ കേശവദാസിന്‍റെ നയം പിന്തുടര്‍ന്നു ഇംഗ്ലീഷുകാരുടെ മേല്‍നോട്ടത്തില്‍ ഭരണം നടത്തിയ വേലുത്തമ്പിക്ക് ഭരണം കുറേയൊക്കെ ചിട്ടപ്പെടുത്താന്‍ കഴിഞ്ഞു. അതേ സമയം ഖജനാവിന് വലിയ ഭാരമായ തിരുവിതാംകൂര്‍ പട്ടാളത്തിന്‍റെ ചിലവു ഇംഗ്ലീഷുകാരുടെ നിര്‍ദ്ദേശ പ്രകാരം വേലുതമ്പി വെട്ടിച്ചുരുക്കാന്‍ ആരംഭിച്ചു. അത് 1804-ല്‍ ഒരു പട്ടാളകലാപത്തില്‍ കലാശിച്ചു. ബ്രിട്ടീഷുകാരുടെയും മറ്റും സഹായത്തോടെ ദിവാന്‍ കലാപം അടിച്ചമര്‍ത്തിയെങ്കിലും അത് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് വഴിവച്ചു. ഈ സംഭവത്തിനു ശേഷം ആഭ്യന്തര സുരക്ഷിതത്തിന്‍റെ ഇംഗ്ലിഷുകാര്‍ക്ക് നല്കണമെന്നും അതിനു വേണ്ടി കപ്പം ഇരട്ടിപ്പിക്കണമെന്നും അല്ലാതെ തിരുവിതാംകൂറിലെത്തിയ ബ്രിട്ടിഷ് സൈന്യത്തെ പിന്‍വലിക്കുകയില്ല എന്നും ഇംഗ്ലീഷുകാര്‍ ശഠിച്ചു.
മറ്റ് വഴികള്‍ ഇല്ലാതെ ഇംഗ്ലീഷുകാര്‍ പറഞ്ഞ ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ട് 1805-ല്‍ ഉടമ്പടി പുതുക്കിയെഴുതി. അതിന്‍പ്രകാരം കപ്പത്തുക എട്ടു ലക്ഷമാക്കി. തുകയില്‍ കുടിശ്ശിക വന്നാല്‍ തിരുവിതാംകൂര്‍ ഭരണം ഭാഗികമായോ മുഴുവനുമായോ ഏറ്റെടുക്കാന്‍ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാക്കമ്പനിക്ക് അധികാരം ഉണ്ടെന്നും വ്യവസ്ഥ ചെയ്തു.
അങ്ങനെ ബ്രിട്ടിഷ് സൈന്യത്തിന്‍റെ ഒരു വിഭാഗത്തെ കൊല്ലത്തു സ്ഥിരമായി നിര്‍ത്തി
ആ സമയത്തെ ദളവാ കൃഷ്ണന്‍ ചെമ്പകരാമന്‍ അന്തരിച്ചതുകൊണ്ട് 1807-ല്‍ ദളവാ പദവി കൂടി വേലുത്തമ്പിക്കു രാജാവു നല്കി (അന്ന് രാജ്യം ഭരിച്ചിരുന്ന അവിട്ടം തിരുനാൾ ബാലരാമവർമ്മ രാജാവിനെ ഭീഷണിപ്പെടുത്തി ദളവയായ വേലുത്തമ്പിയെ രാജ്യദ്രോഹിയായും വഞ്ചകനായും വിമർശിക്കുന്നവരും ഉണ്ട്.) തിരുവിതാംകൂറില്‍ ബ്രിട്ടിഷ് സൈന്യം നിലയുറപ്പിച്ചതുമുതല്‍ മഹാരാജാവും കേണല്‍ മക്കാളെയും തമ്മില്‍ ഉണ്ടായിരുന്ന അകല്‍ച്ച രൂക്ഷമായി. 1807 വരെ ഇരുവരേയും യോജിപ്പിച്ചു നിറുത്താന്‍ വേലുത്തമ്പി ശ്രമിച്ചുകൊണ്ടിരുന്നു. പിന്നീട് ദളവായും റസിഡണ്ടും തമ്മിലും ചില കാരണങ്ങളാല്‍ അകന്നു തുടങ്ങി. റസിഡണ്ടിനെ മാറ്റി മറ്റൊരാളെ നിയമിക്കാന്‍ ദിവാന്‍ നടത്തിയ ശ്രമം മദ്രാസ് കൌണ്‍സില്‍ അംഗീകരിച്ചുവെങ്കിലും അതറിയാതെ റസിഡണ്ടിനെ വധിക്കാന്‍ പാലിയത്തച്ചന്‍ (കൊച്ചി ദിവാന്‍) ശ്രമം നടത്തി.
ഈ ശ്രമത്തിനു പിന്നില്‍ ദളവായുണ്ടെന്നു ധരിച്ച് മദ്രാസ് സര്‍ക്കാര്‍ റസിഡണ്ടിന്റെ സ്ഥലം മാറ്റം റദ്ദാക്കി.
അതിനുമുമ്പുതന്നെ കൊല്ലത്തുണ്ടായിരുന്ന തിരുവിതാംകൂര്‍ സൈന്യത്തെ ബ്രിട്ടിഷ് സൈന്യം ആക്രമിക്കുകയും അവരില്‍ നിന്നു രണ്ട് തോക്കുകള്‍ എടുത്തുകൊണ്ടുപോവുകയും ചെയ്തു. എല്ലാ സമാധാന ശ്രമങ്ങളും പാളിപ്പോയപ്പോള്‍ ദളവാ ഇംഗ്ളീഷുകാര്ക്കെ്തിരെ യുദ്ധം പ്രഖ്യാപിച്ചു (11 ജനുവരി 1809 - കുണ്ടറ വിളംബരം). യുദ്ധത്തില്‍ പരാജയപ്പെട്ട ദളവ രാജാവിന്‍റെ കിരീടം രക്ഷിക്കാന്‍ വേണ്ടി മുന്‍കാലപ്രാബല്യത്തോടുകൂടി 1809 മാര്‍ച്ച് 18-ദളവ പദവി രാജിവച്ച് ഒളിവില്‍ പോയി അതിനു ശേഷം വേലുത്തമ്പിയുടെ എതിരാളിയായ ഉമ്മിണിത്തമ്പിയെ ഇംഗ്ലീഷുകാരുടെ ശുപാര്‍ശ്ശ പ്രകാരം ഗത്യന്തരം ഇല്ലാതെ മഹാരാജാവ് ദളവയായി നിയമിച്ചു. ഇതിനെ തുടര്‍ന്നു വേലുത്തമ്പി 1809 ഏപ്രില്‍ 8-നു ആത്മഹത്യ ചെയ്തു.
ഈ സംഭവങ്ങള്‍ക്കൊടുവില്‍ 1811-ല്‍ മക്കാളെയ്ക്കുപകരം കേണൽ ജോൺ മൺറോയെ റസിഡണ്ടായി കമ്പനി നിയമിച്ചു. തിരുവിതാംകൂര്‍ ഭരണം ഏറ്റെടുക്കാനുളള നിര്‍ദേശവുമായാണ് മണ്‍റൊ നിയമിതനായത്. മണ്റോ എത്തി ഏതാനും ദിവസത്തിനകം 29-ാം വയസ്സില്‍ അവിട്ടം തിരുനാള്‍ ബാലരാമവര്‍മ്മ അകാലചരമം പ്രാപിച്ചു (07 നവംബര്‍ 1810) .
(1811നും 1815നുമിടയിൽ തിരുവിതാംകൂറിൽ ദിവാൻ പദവിയിലിരുന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥനായിരുന്നു കേണൽ മൺറോ, വേലുത്തമ്പി ദളവയ്ക്കു ശേഷം തിരുവിതാംകൂറിലെ ദിവാനായിരുന്ന ഉമ്മിണിത്തമ്പിയെ റാണി ഗൌരി ലക്ഷ്മീഭായി തമ്പുരാട്ടി ഉദ്യോഗത്തിൽ നിന്നും നീക്കുകയും കേണൽ ജോൺ മൺറോയെ 1810-ൽ ദിവാനായി നിയമിക്കുകയും ചെയ്തു.)
യുവരാജാവായിരുന്ന കേരളവര്‍മ്മയ്ക്കെതിരെ അദ്ദേഹത്തിന്റെ മാതൃസഹോദരീപുത്രിയായ ലക്ഷ്മീഭായി അടുത്ത രാജസ്ഥാനത്തിനുള്ള അവകാശവാദം ഉന്നയിച്ചു. ലക്ഷിഭായിയെ പോലെ തന്നെ വേലുത്തമ്പിയുമായി നല്ല ബന്ധത്തിലായിരുന്ന കേരളവര്‍മ്മ മഹാരാജാവായി വരുന്നത് ഉമ്മിണിത്തമ്പിക്കും ഇംഗ്ലീഷുകാര്‍ക്കും ഇഷ്ടമല്ലായിരുന്നു.
ഈ അവകാശ തര്‍ക്കം കാരണം ഏതാനും മാസം തിരുവിതാംകൂര്‍ ഭരണം കൈവശം വച്ച മണ്റൊ, റാണിയെ അടുത്ത അടുത്ത അവകാശിയായി ബ്രിട്ടിഷ് സര്‍ക്കാര്‍ അംഗീകരിച്ചതായി അറിയിക്കുകയും കേരളവര്‍മ്മയെ തടവിലാക്കുകയും ചെയ്തു. ഏതാനും മാസത്തിനുശേഷം റാണി ഉമ്മിണിത്തമ്പിയെ പിരിച്ചുവിട്ട് ദിവാന്‍റെ ഭരണചുമതല മണ്റൊയെ ഏല്‍പ്പിച്ചു. ഭരണസംവിധാനത്തില്‍ സമൂലമായ പരിഷ്ക്കാരങ്ങളാണ് മണ്റൊ വരുത്തിയത്. അധികാരങ്ങള്‍ ദിവാനില്‍ കേന്ദ്രീകരിച്ചുവെങ്കിലും കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതായിരുന്നു പരിഷ്ക്കാരങ്ങള്‍.
സിവില്‍ ഭരണാധികാരികളുടെ പൊലീസ് എന്ന തസ്തിക ഉണ്ടാക്കി, ജൂഡിഷ്യല്‍ അധികാരങ്ങള്‍ എടുത്തു മാറ്റി. ജൂഡിഷ്യല്‍ വകുപ്പ് സ്ഥാപിച്ചു അതുകൊണ്ട് നീതി നിര്‍വഹണം കാര്യക്ഷമമായി എന്നു മാത്രമല്ല സിവില്‍ ഭരണാധികാരികള്‍ക്ക് നികുതി പിരിവിനും മറ്റും കൂടുതല്‍ സമയം ലഭിക്കുകയും ചെയ്തു. അതുപോലെ നിയമ വാഴ്ചയ്ക്ക് പൊലിസ് സംവിധാനം കാര്യക്ഷമമാക്കി. ജനദ്രോഹകരങ്ങളായ നികുതികള്‍ നിറുത്തലാക്കി. അഴിമതികള്‍ കര്‍ശ്ശനമായി നിയന്ത്രിക്കുകയും നികുതിപിരിവുകള്‍ കാര്യക്ഷമമാക്കുകയും ചെയ്തതു മൂലം വരവില്‍ വമ്പിച്ച വര്ദ്ധനവുണ്ടായി.
ഏറ്റവും ആവശ്യമെന്നോണം പ്രാഥമിക വിദ്യാഭ്യാസം വ്യാപകമാക്കുകയും അതിനുവേണ്ടി മിഷണറിമാരെ സഹായിക്കുകയും ചെയ്തു. സമ്പന്നമെങ്കിലും ദുര്‍ഭരണത്തിലായിരുന്ന പ്രധാന ക്ഷേത്രങ്ങളെല്ലാം സര്‍ക്കാരിലേക്ക് ഏറ്റെടുത്തു. അതുപോലെ അവയ്ക്ക് വരവു ചെലവുകള്‍ വ്യവസ്ഥപ്പെടുത്തി. അങ്ങനെ ഭരണത്തിന്‍റെ എല്ലാമേഖലകളിലും മണ്റോയുടെ ശ്രദ്ധ പതിഞ്ഞു. മൂന്ന് വര്‍ഷം കൊണ്ട് കപ്പക്കുടിശ്ശികയായ 18 ലക്ഷം രൂപ ബ്രിട്ടിഷ് സര്‍ക്കാരിനു നല്കിക്കഴിഞ്ഞ് മണ്റോ തിരുവിതാംകൂര്‍ ഭരണം ദിവാനായി നിയമിതനായ ദേവന്‍ പദ്മനാഭന് കൈമാറി (1814)
.
ലക്ഷ്മിഭായി റണിയുടെ നേതൃത്വത്തില്‍ മണ്റോയുടെ ഭരണം തിരുവിതാംകൂറിനു വലിയൊരനുഗ്രഹമായി എന്നത് വസ്തുതയാണ്. പക്ഷേ ദിവാനെന്ന ചുമതലകളെക്കാലും തനിക്കു ഹിതമായിട്ടുള്ളവരെ ദിവാന്‍ പദവിയില്‍ വച്ച് ഭരണത്തിനു മേല്നോട്ടം വഹിക്കുക എന്ന ലക്ഷ്യവും മണ്റോക്കുണ്ടായിരുന്നു. അതിനുവേണ്ടി ബാപ്പുറാവു, റെഡ്ഡിറാവു എന്നീ രണ്ട് പേരെക്കൂടി മദ്രാസ് സെര്‍വിസില്‍ നിന്നും കൊണ്ടുവന്ന് ഉയര്‍ന്ന ഉദ്യോഗങ്ങളില്‍ അദ്ദേഹം മുന്‍പേ തന്നെ നിയമിച്ചിരുന്നു. രാജാക്കന്മാരെ നോക്കുകുത്തികളായി വച്ച് ഹിതാനുവര്‍ത്തികളായ ദിവാന്മാരിലൂടെയും ഭരണപരിചയമുള്ള റസിഡണ്ടുമാരിലൂടെയും നാട്ടുരാജ്യങ്ങള്‍ ഭരിക്കുക എന്ന ബ്രിട്ടിഷ് തന്ത്രത്തിന്റെ തുടക്കമായിരുന്നു മണ്റോ അനുവര്ത്തിച്ചത്.
എന്നാല്‍, ഉമ്മിണിത്തമ്പിക്കു ശേഷം സീനിയര്‍ ജഡ്ജിയായിരുന്ന ദേവന്‍ പദ്മനാഭനെ ദിവാനായി നിയമിക്കാന്‍ മദ്രാസ് കൗണ്സില്‍ അനുവാദം റാണിക്ക് നല്കിയിരുന്നു. ഭരണ നിപുണനെങ്കിലും സ്വതന്ത്ര്യ ബുദ്ധിയായ ദേവന്‍ പദ്മനാഭനെ ദിവാനായി നിയമിക്കുന്നതില്‍ ദിവാന്‍ ചുമതലുള്ള മണ്റോയ്ക്കൂ എതിര്‍പ്പുണ്ടായിരുന്നു. അധികാര കൈമാറ്റം താമസിപ്പിക്കാന്‍ നിവൃത്തിയില്ലാതെ വന്നതു കൊണ്ടു മാത്രമാണു ദേവന്‍ പദ്മനാഭന് അധികാരം കൈമാറിയത്. എന്നാല്‍ അഞ്ചുമാസം കഴിഞ്ഞ് ദേവന്‍ പദ്മനാഭന്‍ അന്തരിച്ചതിനെത്തുടര്‍ന്നു മണ്റോയുടെ ഹിതാനുവര്‍ത്തിയായ ബാപ്പുറാവു ദിവാനായി നിയമിതനായി. ശങ്കനാരായണയ്യര്‍, രാമമേനോന്‍ എന്നീ രണ്ട് നാട്ടുകാരെ അവഗണിച്ചുകൊണ്ടായിരുന്നു ജൂനിയര്‍ പേഷ്കാരായ ബാപ്പുറാവുവിനെ നിയമിച്ചത്.
ഈ എഴുത്തില്‍ എന്തേലും തെറ്റുകള്‍ ഉണ്ടെങ്കിലോ അറിവില്ലായ്മ ഉണ്ടെങ്കിലോ കമെന്‍റ് ചെയ്യുക
അക്ഷരത്തെറ്റുകള്‍ പൊറുക്കുക
Ref Books: നാഗം അയ്യ - ട്രാവന്‍കോര്‍ മാനുവല്‍ V1, അനന്തപുരി നൂറ്റാണ്ടുകളിലൂടെ (കെ. ശിവശങ്കരന്‍ നായര്‍), KM പണിക്കര്‍ ഹിസ്റ്ററി ഓഫ് കേരള, വികീപീഡിയാ; http://lsgkerala.in/munroethuruthpanchayat/history; മാതൃഭൂമി 07th July 2011 ആര്‍ട്ടിക്കിള്‍ കെ എ ജോണി
Pic Courtesy: വികീപീഡിയാ; ഗൂഗിള്‍ ഇമേജസ്;http://museumsofindia.gov.in/repository/file/ngma_del/ngma_del-ngma-03651-3956/ngma_del-ngma-03651-3956_01_h.jpg
0 Comments