ശ്രീ പത്മനാഭ പാഹിമാം
ശ്രീ പത്മനാഭ രക്ഷമാം
കേരളത്തില്‍ നിന്നുള്ള തിരുവിതാംകൂർ കാഴ്ചകൾ
ഭാഗം 5
1814 സെപ്തംബറില്‍ ആയില്യം തിരുനാള്‍ ഗൌരി റാണിലക്ഷ്മിഭായി അന്തരിക്കുകയും തുടര്‍ന്നു 13 വയസ്സുമാത്രം പ്രായമുള്ള ഉതൃട്ടാതി തിരുനാള്‍ ഗൌരി പാര്‍വതി ലക്ഷ്മിഭായി റീജന്‍റാവുകയും ചെയ്തപ്പോള്‍ ബാപ്പുറാവുവിനെ മാറ്റി ശങ്കരനാരായണയ്യരെ ദിവാനായി നിയമിച്ചു.
എന്നാല്‍ അയ്യര്‍ക്ക് കഴിവുപോരാ എന്ന് മണ്റോ ചൂണ്ടിക്കാട്ടിയതിനാല്‍ അടുത്തതായി രാമന്‍ മേനോനെ ദിവാനായി നിയമിച്ചു. ആലപ്പുഴയില്‍ കോമേഴ്സിയല്‍ ഏജന്‍റായിരുന്ന ഗോര്‍ഡന്‍ എന്ന വെള്ളക്കാരനെ ഗുരുതരമായ വീഴ്ചയ്ക്ക് ദിവാന്‍ ശിക്ഷിച്ചു. ഗോര്‍ഡന്‍
കുറ്റക്കാരനായിരുന്നെങ്കിലും വെള്ളക്കാരനെ ശിക്ഷിക്കാന്‍ നാട്ടുകാരനായ ദിവാന് അധികാരമില്ല എന്നതായിരുന്നു മണ്റോയുടെ കണ്ടെത്തല്‍. പക്ഷേ ആ കാരണം പറഞ്ഞ് ദിവാനെ മാറ്റാന്‍ മദ്രാസ് കൌണ്‍സില്‍ അനുവദിക്കുകയില്ല എന്നറിയാമായിരുന്ന മണ്റോ നിലവിലില്ലാതിരുന്ന ദളവാ പദവി പുനഃസ്ഥാപിച്ച് രാമന്‍ മേനോന് ഉദ്യോഗക്കയറ്റം നല്കി ദളവയായി നിയമിച്ചു. റെഡ്ഡി റാവുവിനെ (വെങ്കട റാവു) ദിവാനായി നിയമിച്ചു. ദളവാ പദവിയില്‍ തൃപ്തനല്ലാതായ രാമന്‍ മേനോന്‍ രാജിവയ്ക്കുകയും അതോടു കൂടി ദളവാ പദവി നിറുത്തലാക്കുകയും ചെയ്തു.
ദിവാന്‍ പദവി ദുരുപയോഗം ചെയ്തു റെഡ്ഡിറാവു ചെങ്കോട്ട താലൂക്കില്‍ രണ്ട് ഗ്രാമങ്ങള്‍ സ്വന്തം പേരില്‍ പതിച്ചെടുത്തു. മണ്റോയുടെ പിന്‍ഗാകാമികളുടെ നോട്ടപ്പുള്ളിയായിരുന്ന റെഡ്ഡിറാവുവിന് ഈ പ്രവര്‍ത്തികള്‍ കൊണ്ടു ഉദ്യോഗം നഷ്ടമായി. പകരം വെങ്കിട്ടറാവു എന്നൊരാള്‍ ദിവാനായി ചുമതലയേറ്റു. തുടര്‍ന്നു പരദേശ ബ്രാഹ്മണരുടെ കുത്തകയായി ദിവാന്‍ പദവി പതിയെ മാറുകയായിരുന്നു. ഓരോരുത്തരും തങ്ങളുടെ ബന്ധുമിത്രാദികളെ തിരുവിതാംകൂറിലെ പ്രധാന സ്ഥാനങ്ങളില്‍ നിയമിച്ചു പോന്നു. അവര്‍ പിന്നീട് ദിവാന്‍ പദവിയ്ക്ക് അര്‍ഹരാകും എന്നതായിരുന്നു സ്ഥിതി.
യുവരാജാവായ സ്വാതിതിരുനാള്‍ രാമ വര്‍മ്മയെ രാഷ്ട്രമീമാംസയും മറ്റും പഠിപ്പിക്കാന്‍ വന്നയാളാണ് സുബ്ബറാവു. 1829-ല്‍ സ്വാതിതിരുനാള്‍ ഭരണമേറ്റപ്പോള്‍ വെങ്കിട്ട റാവുവിനെ മാറ്റി തഞ്ചാവൂര്‍ സുബ്ബറാവുവിനെ ദിവാനായി നിയമിക്കാന്‍ മഹാരാജാവ് ശ്രമിച്ചെങ്കിലും റസിഡണ്ട് മോറിസണ്‍ എതിര്‍ത്തതുകൊണ്ട് അത് നടന്നില്ല. എന്നാല്‍ അടുത്ത വര്‍ഷം മോറിസണ്‍ സ്ഥാനമൊഴിഞ്ഞ ഉടനെ സുബ്ബറാവു സ്വാതിതിരുനാളിന്‍റെ ശ്രമപ്രകാരം ദിവാനായി നിയമിതനായി
മണ്റോയുടെ കാലത്തും അതിനുശേഷവും ത്രിമൂര്‍ത്തി ഭരണമാണ് തിരുവിതാംകൂറില്‍ നടപ്പിലായത്. റാണി അല്ലെങ്കില്‍ മഹാരാജാവ്, റസിഡണ്ട്, ദിവാന്‍ എന്നിവരായിരുന്നു ഈ പറഞ്ഞ ത്രിമൂര്‍ത്തികള്‍. ബ്രിട്ടിഷിന്ത്യയില്‍ യഥാകാലങ്ങളില്‍ നടപ്പിലാക്കിയ സാമൂഹികവും ഭരണപരവുമായ പരിഷ്ക്കാരങ്ങള്‍ തിരുവിതാംകൂറിലും നടപ്പിലാക്കി. വേലുത്തമ്പിയുടെ കലാപത്തിനുശേഷം തിരുവിതാംകൂര്‍ പട്ടാളത്തെ മുഴുവന്‍ പിരിച്ചുവിട്ടെങ്കിലും 700 പേരടങ്ങുന്ന ഒരു കുപ്പിണി ശിപ്പായികളെ മാത്രം നിലനിര്‍ത്തിയിരുന്നു. 1817 - ല്‍ മണ്റോയുടെ ശുപാര്‍ശ്സ പ്രകാരം പട്ടാളത്തെ വിപുലീകരിച്ച് 2000 ഭടന്മാരെ നിയോഗിച്ചു. ബ്രിട്ടിഷ് ഓഫീസര്‍മാരുടെ കീഴില്‍ അതിനെ സുസജ്ജമാക്കി. ആഭ്യന്തര സമാധാനപാലനത്തിന് നായര്‍ ബ്രിഗേഡ് മതിയെന്നു കണ്ടതിനാല്‍ ആ വര്‍ഷം കൊല്ലത്തു നിന്ന് ബ്രിട്ടിഷ് സബ്സിഡിയറി സൈന്യത്തെ ഇന്ത്യ സര്‍ക്കാര്‍ പിന്‍വലിച്ചു. അതോടുകൂടി ആ സൈന്യത്തിന്‍റെ കമാന്‍ഡര്‍ കൂടിയായ റസിഡണ്ടിന്റെ ആസ്ഥാനം തിരുവനന്തപുരത്തേയ്ക്കുമാറ്റി. 1805 മുതല്‍ ദിവാന്റെ ഓഫീസായ ഹജൂര്‍ കച്ചേരിയും കൊല്ലത്തുതന്നെ പ്രവര്‍ത്തിക്കുകയായിരുന്നു. സബ്സിഡിയറി സൈന്യത്തെ പിന്‍വലിക്കുകയും റസിഡണ്ടിന്റെ ഓഫീസ് തിരുവനന്തപുരത്താവുകയും ചെയ്തതിനെത്തുടര്‍ന്നു ഹജൂര്‍ കച്ചേരിയും തിരുവനന്തപുരത്തായി. അതുകൊണ്ട് ദൈനംദിന ഭരണത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ മഹാരാജാവിന് അവസരം കിട്ടി. പക്ഷേ സ്വാതിതിരുനാള്‍ മഹാരാജാവിന് ഭരണകാര്യങ്ങളെക്കാള്‍ സംഗീത സാഹിത്യങ്ങളിലും ലളിത കലകളിലുമായിരുന്നു കൂടുതല്‍ താത്പര്യം. അതുകൊണ്ട് 1840 വരെയും റസിഡണ്ട്-ദിവാന്‍ അച്ചുതനാണ് ഭരണം നിര്‍വഹിച്ചിരുന്നത്.
1840-ല്‍ റസിഡന്റായി വന്ന ജനറല്‍ കല്ലന്‍ പരുക്കന്‍ സ്വഭാവക്കാരനായിരുന്നു. ഭരണസംബന്ധമായ എല്ലാ കാര്യങ്ങളിലും കല്ലന്‍ ഇടപെട്ടത് ഉദ്യോഗസ്ഥന്മാരിലും ജഡ്ജിമാരില്‍പ്പോലും അസഹ്യതയുളവാക്കി. കൃഷ്ണറാവു ദിവാനായി നിയമിതനായി. ഡിസംബർ 25 1846 (പ്രായം 33)-ല്‍ സ്വാതിതിരുനാള്‍ അന്തരിച്ചു. സ്വാതിതിരുനാളിന്റെ മരണശേഷം അനുജന്‍ ഉത്രം തിരുനാള്‍ മാര്‍ത്താണ്ഡ ഏകാവകാശിയായിരുന്നുവെങ്കിലും രണ്ട് മാസം കഴിഞ്ഞാണ് അദ്ദേഹത്തിന് നിയമന ഉത്തരവ് ലഭിച്ചത്. കമ്പനിയുടെ ഒരു സാധാരണ ഉദ്യോഗസ്ഥന്‍ മാത്രമാണ് രാജാവെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്തുകയായിരുന്നു ഈ വൈകിക്കലിന്‍റെ ഉദ്ദേശ്യം. ജനറല്‍ കല്ലനോടും തിരുവനന്തപുരത്തുള്ള മറ്റ് ഇംഗ്ളീഷുകാരോടും നല്ല ബന്ധമാണ് ഉത്രം തിരുനാളിനുണ്ടായിരുന്നത്. ഇംഗ്ലീഷുകാര്ക്കും ക്രിസ്ത്യന്‍ മിഷണറിമാര്ക്കും ജനറല്‍ കല്ലനുമായി നല്ല ബന്ധമല്ലായിരുന്നു. പരുക്കനെങ്കിലും തിരുവിതാംകൂറിനെ സ്നേഹിച്ച കല്ലന്‍ മിഷണറിമാരെ വഴിവിട്ട് സഹായിച്ചില്ല. മിഷണറിമാര്‍, തിരുവിതാംകൂറിലെ ക്രിസ്ത്യാനികള്‍ അനുഭവിക്കേണ്ടിവന്ന പീഡനങ്ങളെപ്പറ്റി മദ്രാസ് സര്‍ക്കാരിനു പരാതികളയച്ചുകൊണ്ടിരുന്നു. റസിഡണ്ടിന്റേയും കൃഷ്ണറാവുവിന്‍റെയും ജൂഡിഷ്യറിയുടേയും ഉദ്യോഗസ്ഥന്മാരുടേയും തെറ്റുകളും അഴിമതികളും മദ്രാസിലെ പത്രങ്ങളിലൂടെ പുറത്തുവന്നുകൊണ്ടിരിന്നു. പരാതികളെപ്പറ്റി അന്വേഷിച്ച് റിപ്പോര്ട്ടു ചെയ്യാന്‍ റസിഡന്റിനോട് മദ്രാസ് സര്ക്കാര്‍ അവശ്യപ്പെട്ടു. എന്നാല്‍ ദിവാനേയും ഉദ്യോഗസ്ഥന്മാരേയുമെല്ലാം ന്യായീകരിക്കുകയാണ് കല്ലന്‍ ചെയ്തത്. പരാതികളെപ്പറ്റി അന്വേഷിക്കാന്‍ ഒരു കമ്മിഷനെ വയ്ക്കണമെന്ന് മദ്രാസ് ഗവണ്‍മെന്‍റ് ഗവര്‍ണര്‍ ജനറലിനോടു ശുപാര്ശ ചെയ്തു.
ശുപാര്‍ശ്ശന ഗവര്‍ണര്‍ ജനറല്‍ തള്ളി എന്നിട്ടു പരാതികളിന്മേല്‍ കാര്യമായ
നടപടികള്‍ എടുക്കണമെന്നും അല്ലെങ്കില്‍ 1805-ലെ ഉടമ്പടി പ്രകാരം മേല്നടപടിയെടുക്കാന്‍ ബ്രിട്ടിഷ് സര്‍ക്കാര്‍ നിര്‍ബന്ധിതമാകുമെന്നും കാണിച്ച് നോട്ടീസ് നല്കാന്‍ ഗവര്‍ണര്‍ ജനറല്‍ നിര്‍ദ്ദേശിച്ചു. തിരുവിതാംകൂര്‍ സര്‍ക്കാര്‍ എടുത്ത കര്‍ശ്ശന നടപടികളെപ്പറ്റി വിശദമായ റിപ്പോര്ട്ടു നല്കിയതിനാല്‍ മേല്നടപടികളൊന്നും ഉണ്ടായില്ല. ജനറല്‍ കല്ലന്‍ നാടിനു നല്കിക വിലപ്പെട്ട സംഭാവന കുരുമുളക് കുത്തക എടുത്തു കളഞ്ഞതാണ്. നാട്ടിലെ കുരുമുളക് മുഴുവന്‍ കുറഞ്ഞ വിലയ്ക്ക് സര്‍ക്കാര്‍ ഏറ്റെടുത്ത് കൂടിയ വിലയ്ക്കു വില്ക്കു ക എന്ന സമ്പ്രദായം ഉത്രം തിരുനാള്‍ ഏര്‍പ്പെടുത്തിയതാണ് ഇത് കള്ളക്കടത്തിനിടനല്കി. ഇതില്‍ പിടികൂടപ്പെടുന്നവര്‍ ക്രൂരമായി ശിക്ഷിക്കപ്പെട്ടു. ഉദ്യോസ്ഥാഴിമതിക്കും ഇത് വഴിവച്ചു. 1855-ല്‍ കല്ലന്റെ ശുപാര്ശയ പ്രകാരമാണ് കുത്തക നിറുത്തിവച്ചത്. പകരം കയറ്റുമതിച്ചുങ്കം ഏര്‍പ്പെടുത്തി.
1858-ല്‍ കൃഷ്ണറാവു അന്തരിച്ചു. തുടര്ന്ന് റ്റി. മാധവറാവു ദിവാനായി നിയമിതനായി.
സാമ്പത്തികമായും സാമൂഹികമായും തിരുവിതാംകൂറിനെ ഒരു മാതൃകാ സംസ്ഥാനമാക്കുന്നതിന് മാധവറാവുവിനു കഴിഞ്ഞു. തെക്കന്‍ തിരുവിതാംകൂറില്‍ നാടാര്‍ സ്ത്രീകള്‍ മേല്മുണ്ട് ധരിക്കാനുള്ള അവകാശത്തിനുവേണ്ടി മിഷണറിമാരുടെ പിന്തുണയോടെ നടത്തിയ സമരം (ചാന്നാര്‍ ലഹള) തന്ത്രപൂര്‍വം പരിഹരിച്ചു. കൂടിയാന് ഭൂമിയില്‍ സ്ഥിരാവകാശം നല്കിുകൊണ്ട് 1830-ല്‍ രാജകീയ വിളംബരം ഉണ്ടായിയെങ്കിലും 1867-ല്‍ അതിനെ നിയമമാക്കിയത് മാധവറാവുവിന്റെ ശ്രമഫലമായിട്ടായിരുന്നു. ഇന്ത്യയില്‍ത്തന്നെ അത്തരം നിയമം ആദ്യത്തേതായിരുന്നു. ഇംഗ്ളീഷ്, തമിഴ്, മലയാളം ഭാഷകളില്‍ അധ്യാപനം നടത്തുന്ന സ്കൂളുകള്‍ നാടു നീളെ സ്ഥാപിച്ച് സാക്ഷരതയില്‍ തിരുവിതാംകൂറിനെ ഇന്ത്യയിലെ മുന്‍ നിരയിലെത്തിച്ചു.
1834-ല്‍ സ്വാതിതിരുന്നാള്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തനമാരംഭിച്ച ഇംഗ്ലീഷ് സ്കൂള്‍ 1866-ല്‍ മഹാരാജാസ് യൂണിവേഴ്സിറ്റി കോളജ് ആയി ഉയര്ത്തി. ജോണ്‍ റോസ്സ്, റോബര്ട്ട് ഹാര്‍വി എന്നീ വിദ്യാഭ്യാസ വിചക്ഷണന്മാരെ അതിലെ അധ്യാപകരായും വിദ്യാഭ്യാസോപദേഷ്ടാക്കളായും നിയമിച്ചു അതുപോലെ ഒരു വിദ്യാഭ്യാസ വകുപ്പ് ആദ്യമായി സ്ഥാപിച്ചു. ധാരാളം റോഡുകളും കനാലുകളും നിര്‍മിച്ചു സഞ്ചാര സൗകര്യം മെച്ചപ്പെടുത്തി. ആശുപത്രി സൌകര്യങ്ങള്‍ വിപുലീകരിച്ചു. എങ്കിലും 18 ഓഗസ്റ്റ് 1860 - ഇല്‍ ഉത്രം തിരുന്നലിന്റെ മരണശേഷം രാജാവായ ആയില്യം തിരുനാള്‍ ബാലരാമ വര്‍മ്മയുടെ അപ്രിയത്തോടുകൂടിയാണ് 1872-ല്‍ മാധവറാവു വിരമിച്ചത്.
അന്ന് ഏറ്റവും സീനിയറായിരുന്ന ദിവാന്‍ പേഷ്ക്കാര്‍ ശങ്കുണ്ണി മേനോന്‍ റസിഡണ്ടിനു സ്വീകാര്യനായിരുന്നില്ല.
മേനോന്‍ ദൃഢചിത്തനായിരുന്നതാണ് കാരണം. തുടര്‍ന്നു പരദേശി ബ്രാഹ്മണനായ ശേഷയ്യാ ശാസ്ത്രി ദിവാനായി നിയമിക്കപ്പെട്ടു. 1878-ല്‍ ശേഷയ്യാ ശാസ്ത്രി വിരമിച്ചപ്പോള്‍ നാട്ടുകാരനായ നാണുപിള്ളയാണ് (നാഗന്‍ നാരായണന്‍) ദിവാനായത്. നാണുപിള്ള റസിഡന്സിയില്‍ സേവനം അനുഷ്ഠിച്ചയാളും നാഗര്‍കോവില്‍ മിഷണറി സ്കൂളില്‍ നിന്ന് ഇംഗ്ളീഷ് വിദ്യാഭ്യാസം ലഭിച്ചയാളും ആയിരുന്നു.
ഇദ്ദേഹം സമര്‍ത്ഥനായിരുന്നെങ്കിലും 1880-ല്‍ വിശാഖം തിരുനാള്‍ ഭരണമേറ്റപ്പോള്‍ ദിവാന്‍ പദവി ഒഴിയേണ്ടി വന്നു.
നന്ദി
ഈ എഴുത്തില്‍ എന്തേലും തെറ്റുകള്‍ ഉണ്ടെങ്കിലോ അറിവില്ലായ്മ ഉണ്ടെങ്കിലോ കമെന്‍റ് ചെയ്യുക
അക്ഷരത്തെറ്റുകള്‍ പൊറുക്കുക
© വിജയ് മോഹന്‍
Ref Books: നാഗം അയ്യ - ട്രാവന്കൂലര്‍ മാനുവല്‍ V1, അനന്തപുരി നൂറ്റാണ്ടുകളിലൂടെ (കെ. ശിവശങ്കരന്‍ നായര്‍), KM പണിക്കര്‍ ഹിസ്റ്ററി ഓഫ് കേരള വികീപീഡിയാ
Pic Courtesy: വികീപീഡിയാ; ഗൂഗിള്‍ ഇമേജസ്;http://www.universitycollege.ac.in ഭാഗം 4
ഭാഗം 3
ഭാഗം 2
ഭാഗം 1
0 Comments