ശ്രീ പത്മനാഭ പാഹിമാം
ശ്രീ പത്മനാഭ രക്ഷമാം
ചെറിയനാട് ശ്രീ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രം
ക്ഷേത്രത്തിലെ പ്രധാനമൂർത്തി ബാലസുബ്രഹ്മണ്യനാണ്. ഹരിപ്പാട്ടുള്ളതുപോലെ ചെമ്പുമേഞ്ഞ വട്ടശ്രീകോവിൽ കിഴക്കോട്ട് ദർശനമായാണ് നിലകൊള്ളുന്നത്. ഇവിടെ നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുണ്ട്. ശിവൻ, ഗണപതി, അയ്യപ്പൻ, ഭദ്രകാളി, ശ്രീകൃഷ്ണൻ, ബ്രഹ്മരക്ഷസ്സ്, യോഗീശ്വരൻ, നാഗങ്ങൾ, യക്ഷിയമ്മ എന്നിവരാണ് ഉപപ്രതിഷ്ഠകൾ.
ചരിത്രം:
ക്ഷേത്രവിജ്ഞാനകോശത്തിലും അപ്പൻ തമ്പുരാന്റെ ആട്ടപ്രകാരത്തിലും ചെറിയനാടിനെപ്പറ്റിയും ക്ഷേത്രത്തെപ്പറ്റിയും പ്രതിപാദിച്ചിട്ടുണ്ട്. പ്രസിദ്ധ തച്ചുശാസ്ത്രവിദഗ്ദ്ധരും രാജശില്പികളുമായിരുന്ന ഇടവങ്കാട്ട് ആചാരിമാരുടെ വാസ്തുശില്പവൈഭവവും കലാചാതുരിയും വെളിവാക്കുന്നതാണ് ക്ഷേത്രത്തിന്റെ നിർമ്മിതി. ചരിത്ര പ്രസിദ്ധമായ ചെറിയനാട് ക്ഷേത്രത്തിലെ അഞ്ചാം തിരുപുറപ്പാടിന് അകമ്പടി സേവിക്കുന്ന അംബരചുംബികളായ പള്ളിവിളക്കുകളും ഇടവങ്കാട് ആചാരിമാർ നിർമ്മിച്ചവയാണ് . പല ദാരുശില്പങ്ങളും ഇവർ വഴിപാടായി നിർമ്മിച്ച് നൽകിയതാണെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. മുഖമണ്ഡപത്തിന്റെ തൂണുകളിലും സോപാനത്തിന്റെ കൈവരികളിലും ഉള്ള ശിലാരേഖകൾ പുരാതനലിപികളിൽ ഉള്ളവ ആയതിനാലും കാലപ്പഴക്കത്താൽ തേയ്മാനം സംഭവിച്ചിട്ടുള്ളതിനാലും ക്ഷേത്രത്തിന്റെ നിർമ്മാണകാലം നിശ്ചയിക്കാൻ കഴിഞ്ഞിട്ടില്ല.
പ്രധാന പാതയിലുള്ള പടനിലം ജംങ്ഷനിൽനിന്നും പടിഞ്ഞാറോട്ട് ക്ഷേത്രത്തിലേക്ക് വീതിയേറിയ പാതയുണ്ട്. റോഡിനു കിഴക്കുവശമുള്ള പടനിലം കരനാഥന്മാരുടെ സാന്നിദ്ധ്യത്തിൽ കായികാഭ്യാസ വേദിയായി ഉപയോഗിച്ചിരുന്നു. ഇവിടെ കിഴക്കും പടിഞ്ഞാറുമായി രാജപ്രൌഢിയെ ഓർമ്മിപ്പിക്കുന്ന രണ്ടു കളത്തട്ടുകൾ ഉണ്ടായിരുന്നു. ഇതിന്റെ നടുഭാഗത്തിന് ‘ഒത്തവരമ്പ്‘ എന്നാണു പറഞ്ഞിരുന്നത്.
മുഖമണ്ഡപത്തിൽ ഉണ്ടായിരുന്ന ദാരുശില്പങ്ങൾ, മണ്ഡപം പുതുക്കി നിർമ്മിച്ചപ്പോൾ ആനക്കൊട്ടിലിലേക്ക് മാറ്റി സ്ഥാപിച്ചിട്ടുണ്ട്. മുഖമണ്ഡപത്തിലും ബലിക്കല്പുരയിലുമായി അഷ്ടദിക് പാലകന്മാർ, ബ്രഹ്മാവ്, വിഷ്ണു, ശിവൻ മുതലായ ശില്പങ്ങളുണ്ട്. ബലിക്കല്പുരയുടെ മേൽത്തട്ടിൽ രാമായണ കഥയും സന്താനഗോപാല കഥയും സ്ത്രീരൂപത്തിലുള്ള ഗണപതിയുടെ ശില്പവും (വിനായകി) ഈ ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണ്. ശ്രീകോവിലിനു ചുറ്റുമുള്ള ശിലാരൂപങ്ങൾ അവശേഷിച്ചിട്ടുണ്ടെങ്കിലും ചുവർ ചിത്രങ്ങൾ പുനരുദ്ധാരണ സമയത്ത് നഷ്ടപ്പെട്ടുപോയിട്ടുണ്ട്. കാലഘട്ടത്തെ സൂചിപ്പിക്കുന്ന രേഖകൾ കൊടിമരപ്പറയിൽ ഇപ്പോഴും കാണാം. കൊടിമരപ്പറയിലെ ലിഖിതം ഇപ്രകാരമാണ്. മലയാളം ലിപിയോട് സാമ്യമുള്ള പുരാതന ലിപിയിലാണ് ഇതെഴുതിരിക്കുന്നത്.
ശ്ലോകത്തിലെ ഒരു ഭാഗം. ശിശുരാഷ്ട്രം എന്ന വാക്ക് ചുവന്ന വൃത്തത്തിൽ
“ ശ്രീമാനായന്നനു സമയാ രചിത പ്രതിഷ്ഠേ
മൃത്യുഞ്ജയ തന്ത്രിവരേണ്യകേതു
പിണാരുണേ ശുഭദിനേശിശുരാഷ്ട്രനാമോ
ദേവോ ഗുഹോ കലിത സ്തുതി സ്തൌ’”
രാജവാഴ്ചക്കാലത്ത് ഉത്തമമായ മുഹൂർത്തത്തിൽ മൃത്യുഞ്ജയനെന്ന തന്ത്രി ചെറിയനാട്ട് ബാലസുബ്രഹ്മണ്യ സ്വാമിയെ ഭക്തജനങ്ങൾക്ക് കലിയുഗകാലത്ത് സ്തുതിച്ച് വാഴ്ത്തുന്നതിനു വേണ്ടി പ്രതിഷ്ഠിച്ചിരിക്കുന്നു. മേൽ ശ്ലോകത്തിലെ ‘ശിശുരാഷ്ട്രം’ എന്ന പ്രയോഗത്തിൽ നിന്നാണ് ‘ചെറിയനാട്’ എന്ന പേര് കൈവന്നതെന്നും പറയപ്പെടുന്നു.
കായംകുളം രാജാവിന്റെ അധീനതയിലായിരുന്നു ഈ ക്ഷേത്രത്തിന്റെ ഭരണച്ചുമതല. തൃശൂരിനടുത്ത് കണയന്നൂർ ദേശത്ത് ഊമൻപള്ളിമനയുടേയും കൈസ്ഥാനം ചെറിയനാട്, കുമാരമംഗലത്ത്, കിഴക്കേടത്ത് മൂസ്സതന്മാരിലും നിക്ഷിപ്തമായിരുന്നു. പൂജാദികാര്യങ്ങൾ ശ്രദ്ധിക്കുന്നതിനായി മൂത്തേടത്ത് മഠം, വടുകത്തിൽ മഠം, നെടുവേലിൽ മഠം, പുലിമുഖത്ത് മഠം മുതലായ ഊരായ്മക്കാരേയും വിളക്കെടുക്കുന്നതിനും മാലകെട്ടുന്നതിനും അകത്തടിച്ചു തളിക്കുന്നതിനും ചെമ്പകശ്ശേരിൽ ഉണ്ണിമാരേയും താന്ത്രികച്ചുമതല താഴമൺ മഠം തന്ത്രികളേയും രാജാവ് ഏൽപ്പിച്ചിരുന്നു. കരമൊഴിവായിക്കിട്ടിയതും നാട്ടുകാർ സംഭാവന ചെയ്തതുമായി വളരെയേറെ ഭൂസ്വത്തുക്കളും, വെള്ളിയിലും സ്വർണ്ണത്തിലും ഉള്ള തിരുവാഭരണങ്ങളും ഉണ്ടായിരുന്നു.
കാലാന്തരത്തിൽ ഭൂസ്വത്തിൽ നിന്നുമുള്ള വരുമാനം നാമമാത്രമായിത്തീരുകയും ക്ഷേത്രത്തിലെ നിത്യനിദാനങ്ങൾക്കു പോലും മതിയാകാതെ വരികയും ചെയ്തപ്പോൾ നാട്ടുകാരുടെ ശ്രമഫലമായി ക്ഷേത്രം ദേവസ്വം ഡിപ്പാർട്ട്മെന്റിനെ ഏൽപ്പിക്കുകയും തുടർന്ന് ദേവസ്വം അധീനതയിൽ ആകുകയും ചെയ്തു. നാട്ടുകാർ ചേർന്ന് ‘ശ്രീ സുബ്രഹ്മണ്യ സേവാസംഘം‘ എന്നൊരു സംഘടന ഉണ്ടാക്കുകയും ദേവസ്വം ബോർഡിന്റെ സഹായത്തോടെ ആനക്കൊട്ടിൽ, അലങ്കാരഗോപുരം, കിഴക്കേ അമ്പലം, ഉപദേവന്മാരുടെ ക്ഷേത്രങ്ങൾ, ചുറ്റുമതിൽ മുതലായവ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്. ക്ഷേത്ര പുനഃരുദ്ധാരണത്തിന്റെയും പുനഃപ്രതിഷ്ഠയുടെയും ഘട്ടത്തിൽ നടത്തിയ സപ്താഹയജ്ഞത്തിന്റെ സമാപനദിവസം നടന്ന അന്നദാനത്തിന്റെ തുടർച്ചയായി എല്ലാ വർഷവും ഇടവ മാസത്തിൽ സപ്താഹയജ്ഞവും അന്നദാനസദ്യയും നടന്നു വരുന്നു. ഇപ്പൊൾ തിരുവിതാംകൂർ ദേവസ്വം
ബോർഡിന്റെ നിർദ്ദേശാനുസരണം ഒരു ഉപദേശകസമിതി ക്ഷേത്രവികസനപ്രവർത്തനങ്ങൾ നടത്തിപ്പോരുന്നു.
കരകൾ : ചെറിയനാട് പഞ്ചായത്ത് അഥവാ ചെറിയനാട് വില്ലേജ് എന്ന ഭൂപ്രദേശം പ്രാചീന കാലത്ത് ഒൻപത് കരകളായി വിഭജിക്കപ്പെട്ടിരുന്നു . ഇവ യഥാക്രമം അത്തിമൺചേരി , മണ്ഡപരിയാരം , മൂലികോട് , ഇടവങ്കാട് , ഇടമുറി , അരിയന്നൂർശേരി, മാമ്പ്ര , തുരുത്തിമേൽ , ആലക്കോട് എന്നിവ ആയിരുന്നു . മേൽ പറഞ്ഞ ആദ്യ അഞ്ച് കരകൾ കായംകുളം രാജാവിന് കീഴിലും അവസാന നാല് കരകൾ പന്തളം രാജാവിന് കീഴിലും ആയിരുന്നു . 1780 കാലഘട്ടത്തിൽ ഈ രണ്ട് നാട്ടുരാജ്യങ്ങളും മാർത്താണ്ഡവർമ്മ തിരുവിതാംകൂർ രാജ്യത്തോട് ചേർക്കുകയുണ്ടായി .ഈ ഒൻപത് കരകൾ കാലക്രമേണ ഭരണനിർവ്വഹണ സൗകര്യങ്ങളുടെ ഭാഗമായി വിഭജിക്കപ്പെടുകയുണ്ടായി . മൂലിക്കോട് കര വിഭജിക്കപ്പെട് മൂലികോട് എന്നും മുലികോട് കിഴക്ക് എന്നും മാറ്റപ്പെട്ടു . അത്തിമൺചേരി കരയിൽ രണ്ട് സംവിധാനങ്ങൾ ഉണ്ടായി . ഇടമുറി കര , ഇടമുറി എന്നും ഇടമുറി വടക്ക് എന്നും വിഭജിക്കപ്പെട്ടു . ചരിത്രരേഖകളിൽ എഴുതപ്പെട്ട ആലക്കോട് കര ഇപ്പോൾ ചെറുവല്ലൂർ ആലക്കോട് കര എന്നും അറിയപ്പെടുന്നു .
പ്രധാന ആഘോഷങ്ങൾ
പള്ളിവിളക്കുകൾ - ഒരോ കരകളുടെയും അഭിമാനമാണ് അതാത് കരകളുടെ പേരിലുള്ള പള്ളിവിളക്കുകൾ പുറപ്പാട് ഉത്സവത്തിന് പതിമൂന്ന് പള്ളിവിളക്കുകളാണ് ദേവന് അകമ്പടി സേവിക്കുന്നത്.
ലോകത്തിൽ മറ്റൊരിടത്തും കാണാനാവാത്ത ദൃശ്യവിസ്മയം , ആലപ്പുഴ ജില്ലയിലെ ചെറിയനാട്ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിലെ അഞ്ചാംപുറപ്പാട് ഉത്സവവും പള്ളിവിളക്ക്കെട്ടുകാഴ്ച .
വിവിധ കരക്കാരുടെ മുക്കാൽ ലക്ഷം ദീപങ്ങൾ ഏന്തുന്ന പതിമൂന്ന് പള്ളിവിളക്കുകൾ എന്ന ദീപരഥങ്ങൾ ഒരു കിലോമീറ്റർ ദൂരം ബാലസുബ്രഹ്മണ്യന്റെ എഴുന്നള്ളത്തിന് മുമ്പിലായി വലിച്ചുകൊണ്ടുപോകുന്ന വിസ്മയക്കാഴ്ച , നൂറ്റാണ്ടുകൾക്ക് മുമ്പ് തിരുവിതാംകൂർ രാജശിൽപ്പികൾ ആയിരുന്ന ചെറിയനാട് ദേശത്തെ ഇടവങ്കാട്_ആചാരിമാർ പൂർണ്ണമായും തടിയിൽ നിർമ്മിച്ച ഈ കെട്ടുകാഴ്ച്ചകൾ ദീപം തെളിയിച്ചാൽ തടികളിൽ പരസ്പരം തീ പിടിക്കാറില്ല എന്നതും അത്ഭുതം തന്നെ
മകരസംക്രമം - മകരമാസത്തിലെ ഉത്രാട നാൾ കൊടിയേറ്റ് ഉത്സവത്തിന്റെ അഞ്ചാം നാളായ പൂരുരുട്ടാതിക്ക് പുറപ്പാട്, പളളിവിളക്ക്
സ്കന്ദ ഷഷ്ഠി
തൈപ്പൂയ കാവടിയാട്ടം
ശിവരാത്രി
വിഷു ഉരുളിച്ച
ഇടവമാസത്തിലെ ആദ്യ തിങ്കളാഴ്ച തുടങ്ങുന്ന സപ്താഹം
പ്രതിഷ്ഠാ വാർഷികം (മിഥുന മാസത്തിലെ കാർത്തിക )
നവാഹ യജ്ഞം
നിറപുത്തരി
ശ്രീകൃഷ്ണ ജയന്തി
വിനായക ചതുർഥി
നന്ദി
ഈ എഴുത്തില്‍ എന്തേലും തെറ്റുകള്‍ ഉണ്ടെങ്കിലോ അറിവില്ലായ്മ ഉണ്ടെങ്കിലോ കമെന്റ് ചെയ്യുക
അക്ഷരത്തെറ്റുകള്‍ പൊറുക്കുക
© വിജയ് മോഹന്‍
മുന്‍ഭാഗങ്ങളിലെ ക്ഷേത്രങ്ങള്‍
1. മിത്രാനന്തപുരം ത്രിമൂർത്തി ക്ഷേത്രം
2. മലയിന്‍കീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
3. കൊല്ലങ്കോട് ശ്രീ ഭദ്രകാളി ക്ഷേത്രം
Ref: http://cheriyanadbalasubrahmanya.in/chengannur-temple/about-the-temple;
Information & Pic Courtesy : Mr. Rajesh Cheriyanadu
0 Comments